രാജ്യത്തിന്റെ ആദ്യ സൗരദൗത്യം ആദിത്യ എൽ-1, 10 ലക്ഷം കിലോമീറ്റർ ബഹിരാകാശത്ത് സഞ്ചരിച്ചതായി മിഷൻ പ്രോജക്ട് ഡയറക്ടർ നിഗർ ഷാജി. ജനുവരി ആദ്യ ആഴ്ചയോടെ പേടകം ലഗ്രാഞ്ച് പോയിന്റിൽ എത്തുമെന്നും പ്രോജക്ട് ഡയറക്ടർ വ്യക്തമാക്കി. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണം ഒരേപോലെ ലഭിക്കുന്ന പോയിന്റാണിത്.
മിഷൻ മാനേജ്‌മെന്റാണ് പ്രധാന വെല്ലുവിളി നേരിടുന്ന ഒരു ഘടകം. ഇസ്രോയിൽ മേൽത്തട്ട് താഴെത്തട്ട് എന്നിങ്ങനെ വേർതിരിവുകളില്ല, ഇതിനാൽ തന്നെ ദൗത്യം വിജയകരമാക്കുന്നതിനുള്ള സാഹചര്യവും അനുകൂലമായിരുന്നു. എന്നാൽ പൂർണ വിജയത്തിലേക്ക് എത്തുന്നതിനായി വളരെയധികം പരിശ്രമിക്കേണ്ടതുണ്ടെന്നും നിഗർ ഷാജി പറഞ്ഞു.
സൂര്യനെക്കുറിച്ച് പഠിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ഡയറക്ടർ ഡോ. അന്നപൂർണി സുബ്രഹ്‌മണ്യം സംസാരിച്ചു. സൂര്യനിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും കൊറോണൽ മാസ് എജക്ഷൻ, കൊറോണയുടെ താപനം എന്നിവയെക്കുറിച്ചുള്ള കൃത്യമായ പഠനം ഇതിലൂടെ ഉണ്ടാകുമെന്നും വ്യക്തമാക്കി.















