സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹമുള്ള നിരവധി പേരുണ്ട്. എന്നാൽ പ്രധാന പ്രശ്നം മൂലധനമാണ്. ലക്ഷങ്ങൾ മുതൽ മുടക്കാൻ കൈയ്യിൽ ഇല്ലാത്തതിനാൽ ചെറിയൊരു ബിസിനസ് പോലും ആരംഭിക്കാൻ പലർക്കും മടിയാണ്. കൃത്യമായ പ്ലാനിങ്ങോട് കൂടെ ചെറിയ നിക്ഷേപത്തിൽ ആരംഭിച്ച് വിജയിക്കാൻ കഴിയുന്ന ചില ബിസിനസുകളുണ്ട്. സ്വന്തമായി ഒരു ബിസിനസ് എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ചില ആശയങ്ങൾ താഴെ കൊടുക്കുന്നു .
ഓൺലൈൻ ബേക്കറി
വിജയിക്കാൻ ഏറ്റവും അധികം സാധ്യതകളുള്ള സ്റ്റാർട്ടപ്പായി ആരംഭിക്കാൻ കഴിയുന്ന മേഖലയാണ് ഫുഡ് ബിസിനസ്. കൊറോണ സമയത്താണ് ഓൺലൈൻ ബിസിനസ് ഏറ്റവും അധികം ലാഭം നേടിയത്. കേക്ക് ബേക്ക് ചെയ്ത് മികച്ച പ്രതിമാസ വരുമാനം നേടിയ നിരവധി പേരാണുള്ളത്. ബേക്കിങ് ഇഷ്ടമാണെങ്കിൽ, അല്ലെങ്കിൽ ഈ രംഗത്ത് അഭിരുചിയുണ്ടെങ്കിൽ സ്വന്തമായി ഒരു സംരംഭം ആരംഭിക്കാം. ഓൺലൈൻ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളിൽ ഉത്പന്നങ്ങൾ എത്തിക്കാം.
കേക്കുകളും, മഫിൻസും, ബര്‍ഗറും പിസയുമെല്ലാം ഇങ്ങനെ വിൽക്കാനാകും. മികച്ച ഗുണമേൻമ നിലനിര്‍ത്തണം എന്നു മാത്രം. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ബിസിനസാണിത്.
ടീ സ്റ്റാൾ
ചെറിയൊരു മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്ന ബിസിനസാണ് ചായക്കട. നാട്ടിൻ പുറങ്ങളിൽ തുടങ്ങുന്നതിനെക്കാളും വലിയ ഓഫീസുകളുടെ സമീപത്ത് ആരംഭിക്കുന്നത് നല്ലതാണ്. കാരണം, ജോലി തിരക്കുകളിൽ നിന്നും ഇടവേള എടുക്കുന്നതിനായി ഇടയ്ക്കൊക്കെ എല്ലാവരും ചായ കുടിക്കാറുുണ്ട്. ലാഭം നേടാൻ കഴിയുന്ന ഒരു ബിസിനസാണിത്.
വ്ലോഗിംഗ്
ഒരു നിക്ഷേപത്തിന്റെയും ആവശ്യമില്ലാത്ത ഒന്നാണ് വ്ലോഗിംഗ്. നിരവധി യുവാക്കളാണ് ഈ രംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്. വലിയ ബ്രാൻഡുകളും കമ്പനികളുമെല്ലാം അവരുടെ വെബ് പ്ലാറ്റ്ഫോമുകൾക്കായി രസകരമായ വീഡിയോകളും പോസ്റ്റുകളും ക്യൂറേറ്റ് ചെയ്യാൻ കഴിയുന്ന വ്ലോഗർമാരെ നിയമിക്കും. സ്വന്തം വ്ലോഗിനു പുറമേ ഇതും പരീക്ഷിച്ചാൽ നല്ലൊരു ലാഭം നേടാവുന്നതാണ്.
യോഗ ക്ലാസുകൾ
വലിയ നിക്ഷേപത്തിന്റെ ആവശ്യമില്ലാത്ത മറ്റൊന്നാണ് യോഗ ക്ലാസ്സുകൾ. ജോലി തിരക്കുകൾ കാരണമുള്ള ഭക്ഷണക്രമം ആരോഗ്യത്തെ മോശമായി ബാധിക്കും. കൂടാതെ ആരോഗ്യത്തോടെ ഇരിക്കണമെന്ന് ആഗ്രഹമുള്ളവരും യോഗയെ ആശ്രയിക്കും. ഓൺലൈനായും യോഗ ക്ലാസുകൾ ചെയ്യാവുന്നതാണ്. യോഗ ബിസിനസ് നിങ്ങൾക്ക് മികച്ച വരുമാനം നൽകും. യോഗയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, വീട്ടിലോ കമ്മ്യൂണിറ്റി സെന്ററിലോ ഒക്കെ യോഗ പഠിപ്പിക്കാവുന്നതാണ്.
ടിഫിൻ സർവീസ്
10,000-ത്തിൽ താഴെ മാത്രം നിക്ഷേപം ആവശ്യമുള്ള ബിസിനസ് സംരംഭമാണ് ടിഫിൻ സർവ്വീസ്. സമയക്കുറവ് കാരണം ടിഫിൻ സേവനങ്ങളെ ആശ്രയിക്കുന്ന ഒരുപാട് ജോലിക്കാരുണ്ട്. ഹോസ്റ്റൽ ഫുഡിന്റെ പ്രശ്നങ്ങൾ കാരണം ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളവർ ഇതിനായി പണം മുടക്കാനും തയ്യാറാണ്. നിങ്ങളുടെ സ്വന്തം വീട്ടിൽ നിന്ന് ഈ ബിസിനസ് നടത്തുകയും ചെയ്യാവുന്നതാണ്.