കഴിഞ്ഞ ദിവസമാണ് വിജയ് നായകനായെത്തുന്ന ചിത്രം ലിയോയുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടത്. വിവിധ തിയറ്ററുകളിൽ ലിയോയുടെ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാൽ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈ രോഹിണി തിയറ്ററില്‍ ആരാധകരുടെ അതിരുവിട്ട ആവേശത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ട്രെയ്‍ലര്‍ കണ്ട് ആളുകള്‍ പിരിഞ്ഞു പോയതിന് ശേഷമുള്ള തിയറ്ററിലെ ദൃശ്യങ്ങളുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായ നിലയിലായത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
സാധാരണയായി വിജയ് ചിത്രങ്ങളുടെ ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ള തിയറ്ററുകളില്‍ പ്രധാനമാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്ക്രീന്‍സ്. എന്നാൽ ഫാന്‍സ് ഷോകള്‍ നടത്തി വന്നിരുന്നത് തിയറ്റര്‍ ഹാളിന് പുറത്താണ്. ഇത്തവണ തിയറ്ററിന് പുറത്ത് നടത്തുന്ന പരിപാടിയ്‌ക്ക് പോലീസ് സംരക്ഷണം നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് തിയറ്റർ സ്ക്രീനിൽ തന്നെ ലിയോ ട്രെയ്‍ലറിന് പ്രദര്‍ശനമൊരുക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.
ഇന്നലെ വെെകീട്ട് 6.30 നാണ് ലിയോയുടെ ട്രെയ്‍ലര്‍ യൂട്യൂബിലൂടെ റിലീസ് ആയത്. എന്നാൽ ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തിയറ്റര്‍ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പോലീസ് നേരത്തെ അനുമതി നിഷേധിച്ചതും ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം തിയറ്ററിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ മുന്‍കൂട്ടി അറിയിച്ചതുമെല്ലാം ട്രെയ്‍ലര്‍ ഫാന്‍സ് ഷോയ്‌ക്ക് കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യം സൃഷ്ടിച്ച ഘടകമാണ്. ഇന്നലെ തമിഴ്നാട്ടിലെ മറ്റ് പല തിയറ്ററുകളിലും കേരളത്തില്‍ പാലക്കാട്ടും ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ നടന്നിരുന്നു.















