വടകരയുടെ ഹൃദയഭാഗത്തുള്ള ശ്രീ. തച്ചോളി മാണിക്കോത്ത് കാവ് ക്ഷേത്രം വടക്കൻ പാട്ടിലെ വീരനായകൻ തച്ചോളി ഒതേനന്റെ കുലദൈവമാണ്. തച്ചോളി ഒതേനൻ അങ്കത്തിനു മുമ്പ് നാലപത്തി ഒന്ന് ദിവസം വ്രതത്തിലിരുന്നത് ഇവിടെയാണ്. ജാതി വ്യവസ്ഥകൾക്ക് അതീതമാണ് ഇവിടത്തെ പൂജാവിധികൾ .
ദക്ഷയാഗത്തിനിടക്ക് ശിവൻ കോപം പൂണ്ട് നടത്തിയ ചുവടുകളാണ് കളരിപ്പയറ്റിന്റെ മൂലം എന്ന് കരുതപ്പെടുന്നു. തന്റെ ഗുരുവായ ശിവനിൽ നിന്ന് പരശുരാമൻ ഈ വിദ്യകൾ അഭ്യസിക്കുകയും കേരളസൃഷ്ടിക്ക് ശേഷം 21 ശിഷ്യന്മാർക്ക് പകർന്നു കൊടുക്കുകയും ചെയ്തു എന്നാണ് ഈ ഐതിഹ്യം. നാടിനെ സംരക്ഷിക്കാൻ പതിനെട്ടടവും പയറ്റുന്ന സൈനികരെ പടക്കാവശ്യമായ കാലഘട്ടത്തിൽ നാട്ടിലെങ്ങും കളരികൾ ഉണ്ടായി. നായർ തറവാടുകളിലെ കളരിയിലെ പരദേവതയ്‌ക്ക് ഗ്രാമ വിധി പ്രകാരമുള്ള പൂജകളായിരുന്നു നടത്തിയിരുന്നത്. കൃത്യനിഷ്ഠയോടു കൂടിയ വ്രതാനുഷ്ഠനങ്ങളോടുകൂടിയ കളരി അഭ്യാസവും അവിടങ്ങളിൽ ഉണ്ടായിരുന്നു.
കളരിവന്ദനം തന്നെ നല്ലൊരു മുറയാണ്. “വലിഞ്ഞമർന്ന് വലത്തു നടന്ന് കളരി തൊട്ടു വന്ദിച്ച് കൈനേരെ കൂപ്പി തൊഴുത് വലതുകാൽ തൂക്കി വലത്തുകൊണ്ടു നീക്കി ചവുട്ടി ഇടത്തുതൂക്കി ഇടതുകൊണ്ട് നീട്ടി ചവുട്ടി വലത്തുമേൽ പന്തിയിലിരുന്ന് മുട്ടുതൊട്ട് മുഴുപ്പ്‌തൊട്ട് കൈനേരെ കൂപ്പി തൊഴുത് കളരി തൊട്ട് വന്ദിച്ചതിനു ” ശേഷം തുടങ്ങുന്നു മെയ്‌ക്കളരി .പ്രപഞ്ചശക്തികളെ മുഴുവൻ ആവാഹിച്ച് തുടങ്ങുന്ന അഭ്യാസത്തിലൂടെ നാടിന്റെ സംരക്ഷണമായിരുന്നു ലക്ഷ്യം.

കേരളത്തിലെ ക്ഷേത്രപൂജകളിൽ ഏറ്റവും ദൈർഘ്യമേറിയതും അതീവ രഹസ്യവുമായ പൂജ നടക്കുന്നത് തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിലാണ് .തച്ചോളി മാണിക്കോത്ത് സ്വയംഭൂ സങ്കല്പത്തിലുള്ള പരാശക്തിയുടെ പൂജയാണ് കേരളത്തിലെ ഉഗ്രമായ ക്ഷേത്ര പൂജ, മൂന്നരയാമം (പത്തര മണിക്കൂർ )നീളുന്ന വലിയ കളരി പൂജയിൽ മുപ്പത്തിമുക്കോടി ദേവകളുടെയും സാന്നിധ്യം കളരിയിൽ ഉണ്ടാകുമെന്നാണ് കരുതുന്നു. കളരി പൂജ നടത്തിയാൽ സാധിക്കാത്ത കാര്യങ്ങളില്ല !
ഭഗവതിയെ അഞ്ച് ഭാവത്തിലാണ് പൂജിക്കുന്നത്, ആദ്യം ഭദ്രകാളിയായും, രണ്ടാമത് കൊടുങ്ങല്ലൂരമ്മയായും, മൂന്നാമത് ശ്രീപോർക്കലിയായും,
നാലമത് ദുർഗ്ഗയായും അഥവാ ലോകനാർകാവിലമ്മയായും,അഞ്ചാമതായി ബാലാ പരമേശ്വരി അഥവാ മൂകാംബിക ഭാവത്തിലും പൂജിക്കുന്നു.
ആദ്യ മൂന്ന് പൂജ അതിരൗദ്രഭാവത്തിലാണ് ,(ആലിംഗപുഷ്പാജ്ഞലി ആദ്യപൂജയിലാണ് ) ,ലോകനാർകാവിലമ്മയെ ദുർഗ്ഗാ ഭാവത്തിലും,അതു കഴിഞ്ഞ്ബാലാപരമേശ്വരി ഭാവത്തിലും എത്തിച്ച് ‘പിന്നീട് മാതൃഭാവത്തിലായ അമ്മ ധ്യാന നിദ്രയിലേക്ക് പോകുന്നു,
അതി രൗദ്രതാ ഭാവത്തിൽ നിന്നും മാതൃഭാവത്തിലേക്ക് അമ്മ മാറുന്ന സമയത്തെ പൂജ കാണുന്നവർക്ക് സന്താനഭാഗ്യം കൈവരുന്നു.സരസ്വതി പൂജ സമയത്തെ കഷായം സേവിച്ചാൽ വിദ്യയും അറിവും വർദ്ധിക്കുന്നു. ആദിപരാശക്തി സ്വയംഭൂ പ്രതിഷ്ഠയുള്ളതച്ചോളി മാണിക്കോത്ത്ക്ഷേത്രത്തിൽ അഞ്ച് ഭാവത്തിൽ അഞ്ച് നേരമായി പൂജിക്കപ്പെടുന്ന ഭഗവതി അഞ്ച് ഫലങ്ങൾ നല്കുന്നതിനാൽ ഈശ്വരചൈതന്യം വളരെ കൂടുതലാണ്.
കൊടുങ്ങല്ലൂർ ക്ഷേത്രവുമായി തച്ചോളി മാണിക്കോത്ത് ബന്ധപ്പെട്ട് കിടക്കുന്നു. പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിക്ക് ആദ്യ കോഴിയെ ബലി ചെയ്യാനുള്ള അവകാശം തച്ചോളി മാണിക്കോത്തേക്കായിരുന്നു.ഇന്നും ഈ ആചരണം മുടക്കം കൂടാതെ നടക്കുന്നു.അക്രമികളിൽ നിന്നും കൊടുങ്ങല്ലൂർ ക്ഷേത്രം സംരക്ഷിച്ച തച്ചോളി ഒതേനനിൽ സംപ്രീതയായ ഭഗവതി ഒതേനനൊപ്പം കടത്തനാട്ടിൽ വന്നു കുടി കൊണ്ടു എന്നാണ് മറ്റൊരു വിശ്വാസം.
ബലി നിരോധനത്തിന് ശേഷം കോഴി സമർപ്പണമാണ് കൊടുങ്ങല്ലൂർ കാവിൽ നടക്കുന്നത്,അതുമായി ബന്ധപ്പെട്ട ആചരണങ്ങളുടെ ഭാഗമായി കളരിയിൽ മുടക്കം കൂടാതെ ശാക്തേയ വിധാനത്തിൽ ഭഗവതിയെ പൂജിക്കുന്നു.കളരിയിൽ ആരാധന നടക്കുമ്പോൾ കൊടുങ്ങല്ലൂരമ്മയ്‌ക്കായി കലശം നടക്കുന്നു.ഭരണി ഉത്സവത്തിന് മുന്നോടിയായി അർധരാത്രി കാവിൽ ഗുരുതിയുമുണ്ട്
പരമശിവൻ (കൊട്ടിയൂർ പെരുമാൾ) മൃത്യുജ്ഞയനായി തച്ചോളി മാണിക്കോത്ത് കുടികൊള്ളുന്നു എന്ന വിശ്വാസവും ഉണ്ട്.
ഉത്സവനാളുകളില് പുലർച്ചെ മഹാ മൃത്യുഞ്ജയ ഹോമം നടക്കുന്നു. പൂജാവേളയിൽ ഭക്തർക്ക് ഒപ്പം ഇരുന്നു പൂജയിലും ഹോമത്തിലും പങ്കുചേരാൻ അവസരം ലഭിക്കുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്,ആചാര അനുഷ്ടാനങ്ങൾ പാലിക്കുന്ന ഏതൊരാൾക്കും കളരിയിൽ പ്രവേശിക്കാവുന്നതും പൂജകളിൽ പങ്കെടുക്കാവുന്നതുമാണ്.മേൽപ്പറഞ്ഞ ദേവതകളെ കൂടാതെ ഗുരുവായി ഒതേനക്കുറുപ്പും , ഗണപതിയും , ഹനുമാനും , നാഗദൈവങ്ങളും കളരിയിൽ ആരാധിക്കപ്പെടുന്നു.ശിവനും സ്വയംഭൂവായാണ് കിഴക്കുനിന്ന്പടിഞ്ഞാറോട് ദർശനമായാണ്
പ്രതിഷ്ഠ.
സരസ്വതി (ബാലാ പരമേശ്വരി)യെ ഒൻപതു വയസ്സുള്ള കുട്ടിയുടെ രൂപത്തിലാണ് പൂജിക്കുന്നത് , ദേവിയെവിദ്യാദേവതയായി പൂജിക്കുന്നു.ഉപാസനയുടെ പ്രഥമ ദേവതകൂടെയാണ് ബാലപരമേശ്വരി,ദേവിയെ ഉപാസിച്ചാൽ വിദ്യയിലും തൊഴിലിലും ഉന്നതിയാണ് ഫലം, നിരവധി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നവരാത്രി നാളിൽ മൂകാംബികയായി ദേവിയ്‌ക്ക് തൃമധുരവും , കഷായവുമാണ് പ്രാധാന്യം .
കുട്ടിച്ചാത്തൻ ,ഗുളികൻ ,നാഗങ്ങൾ ,കേളു കുറുപ്പ്, കോമപ്പ കുറുപ്പ് ,ഒതേന കുറുപ്പ് പ്രതിഷ്ഠകൾ പടിഞ്ഞാറു നിന്ന് കിഴക്കോട്ടാണ് ദർശനം.ശ്രീ. തച്ചോളി മാണിക്കോത്ത് കാവ് ക്ഷേത്രത്തിനടുത്തു തന്നെ ശ്രീ. മാണിക്കോത്ത് പുള്ളുവൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട് (തച്ചോളി ഒതേനനെ വധിച്ച മായൻകുട്ടി ക്ഷിപ്രവധം ചെയ്യ്ത പുള്ളുവനെ സ്മരിച്ച് ആദരവോടെ പ്രതിഷ്ഠിച്ച ക്ഷേത്രം). കളരി പരമ്പരദൈവങ്ങളെ ലോകനാർക്കാവിലമ്മയാണെ, ഭക്തന്റെ കാര്യം സാധിച്ചു തരണെ എന്ന് പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങളില്ല ഈ ലോകത്ത്.
നിലവിൽ തച്ചോളി കളരിയുടെ പുനർനവീകരണം നടക്കുന്നതു കൊണ്ട് ശിവനെയും ഭഗവതിയേയും അരയാൽ തറയിലെ ബാലാലയത്തിൽ കുടിയിരുത്തിയിരിക്കുകയാണ്.

തച്ചോളി മാണിക്കോത്ത് തറവാടിന്റെ രണ്ട് അറകളുള്ള ഒരു ഭാഗമാണ് ക്ഷേത്രമായി ഇന്ന് കാണുന്നത്, പ്രകൃതിക്ഷോഭങ്ങൾക്ക് വിധേയമായ ഭാഗം പൊളിച്ചുനീക്കി,ഒന്നാമത്തെ കൊട്ടിലിൽ ഒതേനന്റെ ജ്യേഷ്ഠൻ കോമപ്പകുറുപ്പിന്റെ ചന്ദനക്കട്ടിൽ, രണ്ടാമത്തെ കൊട്ടിലിൽ തച്ചോളി ഒതേനന്റെ ഉടവാളും പീഠവും,ഒതേനന്റെ അറയുടെ താഴെ കോലായിൽ സന്തത സഹചാരിയായിരുന്നചാപ്പന്റെ പീഠ പ്രതിഷ്ഠയും കാണാം. ചരിത്രമുറങ്ങുന്ന മുറികളിൽ കയറിയാൽ അവരുടെ സ്പന്ദനം നമുക്കറിയാം. നാടിനെ സംരക്ഷിച്ച ധീരയോദ്ധാവിനെ അടുത്തറിയുമ്പോഴാണ് പൈതൃക പരാമ്പര്യം അനുഭവഭേദ്യമാകുക.
കൊട്ടിലിന് പുറത്ത് ഇടതു ഭാഗത്ത്ഒതേനന്റെ മരുമകൻ കേളു ക്കുറുപ്പിന്റെ പീഠ പ്രതിഷ്ഠയുള്ള ക്ഷേത്രം,വലതുഭാഗത്ത് കുട്ടിച്ചാത്തനേയും ഗുളികനേയും പ്രതിഷ്ഠിച്ചിരിക്കുന്നു, ക്ഷേത്രത്തിൽ നിന്ന് കുറച്ച് മാറി വലതു ഭാഗത്ത് പുള്ളുവൻ ക്ഷേത്രം. പീഠസങ്കല്പത്തിലാണ് തച്ചോളി മാണിക്കോത്ത് തറവാട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠകളെങ്കിലും തച്ചോളി കളരിയിൽ ശിവനും ഭഗവതിയും കുടികൊള്ളുന്നുണ്ട്.
എല്ലാമാസവും സംക്രമത്തിന് രാവിലെ ഒരു നേരം തച്ചോളി മാണിക്കോത്ത്പൂജയുണ്ട്,വിശേഷ അവസരങ്ങളിൽ മാത്രം കളരിയിൽ പൂജകൾ ചെയ്തു വരുന്നു .കുംഭം 10-11 തീയതികളിൽ ആണ് തച്ചോളി മാണിക്കോത്ത് ഉത്സവം, അന്ന് ഒതേനന്റെ തെയ്യം കെട്ടിയാടും, ലോകനാർകാവിൽ നിന്ന് ദീപം താലപ്പൊലിയുടെ അകമ്പടിയോടെ തച്ചോളി മാണിക്കോത്ത് എത്തുന്നതോടെ ഉത്സവത്തിന് ആരംഭിക്കുന്നു. തച്ചോളി മാണിക്കോത്ത് രണ്ടു ദിവസ ഉത്സവം, കൊടുങ്ങല്ലൂർ ഉത്സവം, നവരാത്രി എന്നി ദിവസങ്ങളിൽ മാത്രമാണ് തച്ചോളി കളരിയിൽ പ്രത്യേക പൂജകളായി ചെയ്യുന്നത്.

എൻ .എസ് .എസ് .വടകര കരയോഗത്തിന്റെ കീഴിലാണ് തച്ചോളി കളരിയും, ശ്രീ.തച്ചോളി മാണിക്കോത്ത് ക്ഷേത്രവും, കളരിയിലെ ഇപ്പോഴത്തെ ആചാര്യൻ ശ്രീ .അശ്വിൻ ആണ്. കളരിപ്പയറ്റിനെക്കുറിച്ചു പഠിക്കാനായും അറിയാനായും പല രാജ്യങ്ങളിൽ നിന്നും വരുന്നവർ, ഏതു കളരികളിൽ നിന്നും കളരി അഭ്യസിച്ചാലും കടത്തനാടൻ കളരികളുടെ ആരൂഢ സ്ഥാനമായ തച്ചോളി മാണിക്കോത്ത് കാവ് കളരിയിൽ വന്ന് തൊഴുത് പ്രാർത്ഥിച്ചാൽ മാറാത്ത ശാരീരിക അസ്വാസ്ഥ്യങ്ങളില്ല. ശ്രീ.തച്ചോളി മാണിക്കോത്ത് കാവ് ,ശ്രീ.മാണിക്കോത്ത് പുള്ളുവൻ ക്ഷേത്രം എന്നിവിടങ്ങളിലും ശ്രീ . ലോകനാർക്കാവിലമ്മയെയും തൊഴുതു മടങ്ങിയാൽ കിട്ടുന്ന സായൂജ്യം അനർവചനീയമാണ് .
കോഴികോട് ജില്ലയിലെ വടകരയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ കേരളത്തിന്റെ വീര കേസരി വിശ്രമിക്കുന്ന ശ്രീ .തച്ചോളി മാണിക്കോത്ത് കാവ്ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
എഴുതിയത്: ജോക്സി ജോസഫ്















