ചന്ദ്രനിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാൻ ഫ്രീസർ രൂപകൽപന ചെയ്യാനൊരുങ്ങി നാസ. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആർട്ടിമിസ് ദൗത്യത്തിന്റ ഭാഗമായി ചന്ദ്രനിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളും ശാസ്ത്രീയ വസ്തുക്കളുമാകും ഫ്രീസറിൽ ശേഖരിക്കുക. ചന്ദ്രനിലേക്കുള്ള യാത്രകൾ മനുഷ്യ സഞ്ചാരികളെ എങ്ങനെ ബാധിക്കുന്നുവെന്നതടക്കമുള്ള വിവരങ്ങൾ പഠിക്കാൻ ഈ ഫ്രീസറിലൂടെ ലഭിക്കുന്ന വസ്തുക്കൾ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. 2027 അവസാനത്തോടെ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ശേഷിയുള്ള കരാറുകാരെയാണ് നാസ തേടുന്നത്.
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കും തിരിച്ചും സാമ്പിളുകൾ കൊണ്ടുവരാൻ കഴിയുന്ന തരത്തിലായിരിക്കണം ഫ്രീസറിന്റെ രൂപകൽപനയെന്ന് നാസ അറിയിച്ചു. ആർട്ടിമിസ്-5 ദൗത്യത്തിലായിരിക്കും നാസ ചന്ദ്രനിലേക്ക് ഫ്രീസറും അയക്കുക. ദൗത്യത്തിന്റെ ഭാഗമായ എസ്എൽഎസ് റോക്കറ്റിന് യോജിച്ച രൂപത്തിലുള്ളതാവണം ഫ്രീസർ എന്നും നാസ നിബന്ധന വെയ്‌ക്കുന്നുണ്ട്. ആർട്ടിമിസ് ബഹിരാകാശയാത്രികർ ഉപയോഗിക്കുന്ന വിവിധ വാഹനങ്ങൾ, സൗകര്യങ്ങൾ, ബഹിരാകാശ വാഹനങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാനും ഫ്രീസറിന് കഴിയണം.
ചന്ദ്രനിൽ ഉപയോഗിക്കുന്ന റോവറുകളിലും ഈ ഫ്രീസർ ഘടിപ്പിക്കാനാകണം. ഭൂമിയിൽ നിന്ന് വിക്ഷേപിക്കുന്ന സമയത്തും ചന്ദ്രനിൽ ഇറങ്ങുന്ന സമയത്തും സംഭവിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ മറികടക്കാൻ ഇതിന് കഴിയണം. 25X25X66 സെന്റീമീറ്ററായിരിക്കണം ഫ്രീസറിന്റെ കുറഞ്ഞ വലുപ്പം. പരമാവധി 55 കിലോഗ്രാം ഭാരം വരെയുമാകാം. ശേഖരിക്കുന്ന സാമ്പിളുകൾ മൈനസ് 85 ഡിഗ്രി സെൽഷ്യസിൽ പരമാവധി 30 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയണം. ഫ്രീസറിന്റെ താപനില, എപ്പോൾ, എത്ര സമയം ഫ്രീസറിന്റെ ഡോർ തുറന്ന് വെച്ചു എന്ന് തുടങ്ങിയ വിവരങ്ങൾ ഫ്രീസറിന് തന്നെ രേഖപ്പെടുത്തി സൂക്ഷിക്കാനും കഴിയണമെന്ന് നാസ നിർദ്ദേശിക്കുന്നു. ചന്ദ്രനെ സ്പർശിക്കാനൊരുങ്ങുന്ന ഫ്രീസറിന്റെ നിർമ്മാതാവാകാൻ താത്പര്യമുള്ള കമ്പനികൾക്ക് നാസയെ സമീപിക്കാവുന്നതാണ്.















