എറണാകുളം: ബഹിരാകശ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നതിന് പിന്നിലെ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി എസ് സോമനാഥ്. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷന്റെ പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചത്. കാക്കനാട് വിക്രം സാരാഭായ് സയൻസ് സ്‌കൂളിലെ ശാസ്ത്ര കോൺക്ലേവിൽ മുൻ ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് ആണ് പുരസ്‌കാരം സമർപ്പിച്ചത്.
ഭാവിയിൽ ലോകത്തെ അറിയുന്നതിന് ബഹിരാകാശ ശാസ്ത്രം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. റോക്കറ്റുകൾ കടലിൽ തള്ളുന്ന കേന്ദ്രമെന്ന പേരിലാണ് ഒരു കാലത്ത് ഐഎസ്ആർഒ അറിയപ്പെട്ടിരുന്നത്. ഇതിൽ നിന്നും ശാസ്ത്ര ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിന് ഇസ്രോയിലെ ശാസ്ത്ര സംഘം കഠിന പ്രയത്‌നം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള നേട്ടങ്ങളൊന്നും തന്നെ ഒരു വ്യക്തിയുടേതാണെന്ന് പറയാൻ സാധിക്കില്ല. ഈ വിജയങ്ങൾക്കെല്ലാം പിന്നിൽ ഒരു കൂട്ടായ്മയാണ്. ഇതിൽ ഇപ്പോൾ പ്രവർത്തിക്കുന്നവരും കടന്നു പോയവരും ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോ.എപിജെ അബ്ദുൽ കലാം ബഹിരാകാശ ശാസ്ത്ര ലോകത്തെ പ്രേരക ശക്തിയായിരുന്നുവെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
തീരുമാനങ്ങൾ എടുക്കുന്നതിനും ആശയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള സ്വാതന്ത്ര്യമാണ് ഐഎസ്ആർഒയുടെ വിജയത്തിന് പിന്നിലെ കാതൽ. ബഹിരാകാശ ശാസ്ത്രത്തെ ഏത് വിധത്തിൽ രാജ്യത്തിന് പ്രയോജനപ്പെടുത്താമെന്ന് ചിന്തിച്ച വ്യക്തിയാണ് വിക്രം സാരാഭായ് എന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിലെ സംഭാവനകൾക്ക് വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്നതാണ് രണ്ട് ലക്ഷം രൂപയും കീർത്തി പത്രവും അടങ്ങുന്ന പുരസ്‌കാരം.















