ബഹിരാകാശ പേടകങ്ങളുടെ സുരക്ഷ മുൻനിർത്തി സൈബർ സാങ്കേതിക വിദ്യയുടെ വികസനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഇസ്രോ മേധാവി പറഞ്ഞു. സൈബർ സുരക്ഷാ നടപടികളുടെ നിർണായകമായ ആവശ്യകത മുൻനിർത്തിയാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു മുന്നോടിയായി ഇസ്രോ സൈബർ ആക്രമണങ്ങളുടെ വർദ്ധിച്ചു വരുന്ന ഭീഷണി നേരിടുന്നതിനായി ഓൺബോർഡ് സൈബർ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണെന്ന് എസ് സോമനാഥ് പറഞ്ഞു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ബഹിരാകാശ സംവിധാനങ്ങൾ വലിയ തോതിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ട്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റിവൈറസ് പാച്ചുകൾ ഉൾക്കൊള്ളാനാകുന്ന ലാപ്‌ടോപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇസ്രോ വിക്ഷേപിച്ച ഉപഗ്രഹങ്ങൾ 15 വർഷത്തോളം ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയിൽ ഹാർഡ് വെയർ സോഫ്റ്റ് വെയർ അപ്‌ഗ്രേഡുകളുണ്ട്. ഇതിനാൽ ബഹിരാകാശ പേടകങ്ങൾക്കായി ഓൺബോർഡ് സൈബർ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ് ഇസ്രോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇനി വരാനിരിക്കുന്ന ഉപഗ്രഹങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ നേരിട്ടാൽ പ്രതികരിക്കുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കുമെന്ന് എസ് സോമനാഥ് വ്യക്തമാക്കി. എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഉണ്ടാകുകയാണെങ്കിൽ ഇത് ശാസ്ത്രജ്ഞരെ അറിയിക്കുകയും സംശയാസ്പദമായ രീതിയിലുള്ള കമാൻഡുകൾ നിരസിക്കുന്നതിനും സംരക്ഷണ നടപടികൾ കൈക്കൊള്ളാനും മുന്നറിയിപ്പ് സംവിധാനം സജ്ജമാക്കും. ബഹിരാകാശത്ത് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.















