കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ചലച്ചിത്ര ലോകം. അനുരാഗ് രാജൻ ബുസാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെയാണ് പുറത്തുവിട്ടത്. ചിത്രം ഒക്ടോബർ 27-ന് റിലീസ് ചെയ്യുമെന്ന് അനുരാഗ് രാജൻ അറിയിച്ചു.
നിതിൻ ഗഡ്കരിയുടെ വേഷം കൈകാര്യം ചെയ്യുന്നത് ആരാണെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ‘ഈ രാജ്യം അതിന്റെ റോഡുകളുടെ പേരിലറിയപ്പെടുന്ന സമയം, ഞാനാണ് നിതിൻ ജയറാം ഗഡ്കരി എന്ന് സന്തോഷത്തോടെ പറയാനാകും,’ എന്ന വാചകത്തോടെയാണ് ചിത്രത്തിന്റെ ടീസർ ആരംഭിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം ആരാണ് നിതിൻ ഗഡ്കരിയുടെ വേഷം കൈകാര്യം ചെയ്യുന്നതെന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ”ഒരു സാധാരണ സാമൂഹിക പ്രവർത്തകനിൽ നിന്നും ഗതാഗത സംവിധാനത്തെ മാറ്റിയുലച്ച കേന്ദ്ര മന്ത്രിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര പ്രചോദനം നൽകുന്നതായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം എന്നെ പോലെ നിരവധി ആളുകൾക്ക് പ്രചോദനം നൽകണം. അതിനാണ് ഈ സിനിമ ഞാൻ ചെയ്യാൻ ഉദ്ദേശിച്ചത്”- അനുരാഗ് രാജൻ ബുസാരി പറഞ്ഞു. ഭാരതത്തിന്റെ ഗതാഗത മാർഗങ്ങൾക്ക് പുതുമുഖം സമ്മാനിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ജീവിതം സിനിമയാകുമ്പോൾ അത് ഭാരതത്തിന് സമ്മാനിക്കുന്നത് മറ്റൊരു പൊൻതൂവൽ കൂടിയാണെന്നുള്ള പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.















