പത്താം ക്ലാസ് പാസായവർക്ക് ഹൈക്കോടതിയിൽ ജോലി നേടാം. കേരള ഹൈക്കോടതിയിൽ വാച്ച് മാൻ തസ്തികയിലേക്കാണ് നിയമനം. നാല് ഒഴിവുകളാണുള്ളത്.
ബിരുദ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ കായികമായി ക്ഷമതയുള്ളവരായിരിക്കണം. താൽപര്യമുള്ളവർക്ക് കേരള ഹൈക്കോടതിയുടെ www.hckrecruitment.nic.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 26 വരെ ഓൺലൈനായി അപേക്ഷ നൽകാം.
അപേക്ഷകർ് എസ്എസ്എൽസി പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം. പത്താം ക്ലാസിന് മുകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനാവില്ല. കൂടാതെ കായിക ക്ഷമതയുണ്ടായിരിക്കുകയും വേണം. ജോലിക്കനുസരിച്ച് രാത്രിയും പകലും ജോലിയെടുക്കാൻ തയ്യാറാവണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,400 മുതൽ 55,200 രൂപ വരെയാണ് ശമ്പളം.
പൊതുവിജ്ഞാനം, ആനുകാലികം, റീസണിങ്, മെന്റൽ എബിലിറ്റി, ജനറൽ ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 100 മാർക്കിന്റെ അഭിരുചി പരീക്ഷയാണ് നടത്തുക.ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങളുണ്ടായിരിക്കും. 10 മാർക്കിന്റെ ്ഭിമുഖ പരീക്ഷയും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അപേക്ഷകർ 1987 ജനുവരി ഒന്നിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടിക ജാതി/ പട്ടികവർഗ്ഗക്കാർക്ക് അഞ്ച് വർഷവും, ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും വയസ് ഇളവുണ്ട്.
പട്ടിക ജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. അല്ലാത്തവർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. പണം ഓൺലൈനായി അടയ്ക്കേണ്ടതാണ്. നിലവിൽ 10 പരീക്ഷ കേന്ദ്രങ്ങളാണ് തീരുമാനിച്ചിട്ടുള്ളത്. ഉദ്യോഗാർഥികളുടെ എണ്ണം അനുസരിച്ച് കേന്ദ്രങ്ങളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.