തൃശൂർ: കെ റെയിൽ സമരകാലത്ത് പ്രതിഷേധക്കാർ നട്ട വാഴ കുലച്ചു. തൃശൂർ പാലയ്‌ക്കലിൽ നടന്ന കെ റെയിൽ സമരക്കാർ നട്ട വാഴയാണ് കുലച്ചത്. ഇതെ തുടർന്ന് വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധ ലേലം വിളിയും നടന്നു. വിളവെടുത്ത വാഴക്കുല ലേലത്തിൽ വിറ്റത് വൻ തുകയ്‌ക്കായിരുന്നു. ഒറ്റ വാഴക്കുലക്ക് കിട്ടിയത് 60250 രൂപയായിരുന്നു.
പാലയ്‌ക്കൽ സ്വദേശി ബാബുവിന്റെ പുരയിടത്തിൽ നാട്ടിയ മഞ്ഞ കുറ്റിമാറ്റി നട്ടുപിടിപ്പിച്ച വാഴത്തൈയുടെ വിളവെടുപ്പാണ് ഇന്ന് നടന്നത്. ബാബുവിന്റെ വീടിന് മുന്നിൽ നടന്ന ലേലത്തിൽ നിരവധിപ്പേർ പങ്കെടുത്തു. പലരും വലിയ വിലപേശലുകൾ നടത്തിയെങ്കിലും ഒടുവിൽ 60250 രൂപയ്‌ക്ക് ലേലം ഉറപ്പിക്കുകയായിരുന്നു. പാലയ്‌ക്കൽ സ്വദേശി കെ വി പ്രേമനാണ് ലേലം ഉറപ്പിച്ചത്.
ലേലം നടത്തി ലഭിച്ച തുക വീടിനുള്ളിൽ കെ റെയിലിന്റെ മഞ്ഞക്കുറ്റി സ്ഥാപിച്ച് ദുരിത്തിലായ മുളക്കുഴ സ്വദേശിനി തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേയ്‌ക്ക് കൈമാറാനാണ് തീരുമാനം.















