മഡ്ഗാവ്: സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിന് മൂന്നാം ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഛത്തീസഗഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഇ.എസ്. സജീഷിലൂടെ കേരളം ലീഡെടുത്തു. പിന്നീട് ജുനൈൻ (55), നായകൻ നിജോ ഗിൽബർട്ട് (69) എന്നിവർ വലകുലുക്കിയതോടെ കേരളത്തിന്റെ ലീഡ് മൂന്നായി ഉയർന്നു.
ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ച് ഒമ്പത് പോയന്റോടെ ഒന്നാമതാണ് കേരളം. നേരത്തെ ഗുജറാത്തിനെ 3-0നും ജമ്മുകശ്മീരിനെ 6-1നുമാണ് കേരളം തകർത്തത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ. ചൊവ്വാഴ്ചയാണ് മത്സരം. ആറ് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനൽ റൗണ്ടിൽ പ്രവേശിക്കുക.