ന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയായ (SIR) നടപടിക്കിടെ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ ‘ഫോം 6’ നിയമവിരുദ്ധമായി മാറ്റിയെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുലിന്റെ സമൂഹമാധ്യമ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമ്മിഷൻ വ്യക്തമാക്കി.
2025 ജൂൺ 24ന് ബിഹാറിൽ SIR നടപ്പാക്കുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെയായിരുന്നുവെന്ന് കമ്മീഷൻ വ്യക്തമാക്കി. 2026 മേയ് 27ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലും ഈ ഉത്തരവ് ശരിവച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. SIR-നായി ഉപയോഗിക്കുന്ന ഫോം 6-നൊപ്പം നൽകുന്ന സത്യവാങ്മൂലവും സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. സെപ്റ്റംബർ 26ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നതായും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഗ്യാനേഷ് കുമാർ ഫോം 6 മനഃപൂർവവും നിയമവിരുദ്ധമായും ഏകപക്ഷീയമായി മാറ്റിയെന്നാണ് രാഹുൽ നേരത്തെ ആരോപിച്ചത്. ബിജെപിയെ സഹായിക്കാൻ പദവി ദുരുപയോഗം ചെയ്തുവെന്നും രാഹുൽ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരുന്നു.














