ഹാലാസ്യനാഥനായ സുന്ദരേശഭഗവാൻ ശൈലാകൃതിയിലുള്ള ഒരു സർപ്പത്തെ നിഗ്രഹിച്ച ലീലയാണ് ഇത്. കുലോത്തുംഗ രാജാവ് ശിവലോകം പ്രാപിച്ചപ്പോൾ അദ്ദേഹത്തിന്റെ മൂത്ത പുത്രനായ അനന്തഗുണപാണ്ഢ്യൻ സദ്ഭരണം നടത്തിക്കൊണ്ട് ജനങ്ങളെ സന്തുഷ്ടരാക്കി. ഭസ്മവും രുദ്രാക്ഷവും ധരിച്ച് ശിവഭക്തിയോടുകൂടി ജീവിക്കുന്ന അദ്ദേഹത്തിന്റെ ഐശ്വര്യത്തിൽ ചില മന്ത്രവാദികൾക്ക് അസൂയ ഉണ്ടായി. അതുകൊണ്ട് ആ ഐശ്വര്യം നശിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു. ശിവഭക്തനും സദ്ഗുണ സമ്പന്നനും ആയ രാജാവ് വധിക്കപ്പെടണമെന്ന് ഉദ്ദേശത്തോടുകൂടി ആഭിചാര കർമ്മങ്ങൾ ചെയ്യാൻ ആരംഭിച്ചു.
ആദ്യം തന്നെ മന്ത്രവാദികൾ വിശാലമായ ഒരു ഹോമകുണ്ഡം നിർമ്മിച്ചു. മന്ത്രവാദത്തിൽ പണ്ഡിതരായ അവർ ഘോരമായ മന്ത്രം ജപിച്ചുകൊണ്ട് പലതും ഹോമിച്ചു. ഈ ദുഷ്കർമ്മങ്ങളുടെ ഫലമായി കാലതുല്യനായ ഒരു രാക്ഷസൻ ഹോമകുണ്ഡത്തിൽ നിന്ന് ഉണ്ടായി. ഭീതിജനകമായിരുന്നു രാക്ഷസന്റെ രൂപം. ശരീരം നീണ്ടു തടിച്ച പർവ്വതം പോലെയും, കണ്ണുകൾ മിന്നുന്ന തീക്കനൽ പോലെയും, വായ ഗുഹ പോലെയും, ചന്ദ്രക്കല പോലെയുമുള്ള രാക്ഷസന്റെ തോളുകൾ ഉയർന്നതും, ഉദരം തടിച്ചതും ആയിരുന്നു. മേഘങ്ങളെ തട്ടി നിൽക്കുന്നതുപോലെയുള്ളതായിരുന്നു കേശങ്ങൾ. ഹോമകുണ്ഡത്തിൽ നിന്ന് ആവിർഭവിച്ച ഘോര രാക്ഷസൻ തനിക്ക് വിശപ്പുണ്ടെന്നും ആഹാരം നൽകി വിശപ്പ് മാറ്റണമെന്നും പറഞ്ഞു. തന്നെ വിളിച്ചു വരുത്തിയതിന്റെ ഉദ്ദേശ്യവും ചോദിച്ചു. സന്തുഷ്ടരായ മന്ത്രവാദികൾ ഇങ്ങനെ പറഞ്ഞു “രാക്ഷസാ നീ പർവ്വത രൂപത്തിലുള്ള ഒരു നാഗമായി മാറണം മധുരാപുരിയിൽ ചെന്ന് വിഷജ്വാലയാൽ അവിടെ വസിക്കുന്ന രാജാവിനെയും ജനങ്ങളെയും ദഹിപ്പിക്കണം”. ഉടൻതന്നെ രാക്ഷസൻ ശൈല രൂപത്തിലുള്ള നാഗമായി മാറി. പത്തി വിടർത്തി ചലിപ്പിച്ചു കൊണ്ടും ഫുൽക്കാരശബ്ദം ഉണ്ടാക്കിക്കൊണ്ടും നാഗം മധുര ലക്ഷ്യമാക്കി സഞ്ചരിച്ചു നാഗത്തെ കണ്ടപ്പോൾ ജനങ്ങൾ പരിഭ്രാന്തരായി.
ഇതുപോലെയുള്ള ഒരു ഘോര രൂപത്തെ കണ്ടു പരിചയം ഇല്ലാത്ത മധുരാ നിവാസികൾ രാജാവിനെ ഇത് അറിയിച്ചു. എത്രയും പെട്ടെന്ന് ആ നാഗത്തെ വധിക്കണമെന്നും കാലതാമസം ഉണ്ടായാൽ എല്ലാം നശിക്കും എന്നുമുള്ള അവരുടെ അപേക്ഷ രാജാവ് സ്വീകരിച്ചു. അദ്ദേഹം ഗിരി സർപ്പത്തെ ചെന്ന് കണ്ടു. അദ്ദേഹത്തിന് ഭയം തോന്നി. എങ്കിലും ഹാലാസ്യനാഥനെ ധ്യാനിച്ചുകൊണ്ട് തീഷ്ണമായ ഒരു അസ്ത്രം പ്രയോഗിച്ചു. സർപ്പം അത് ഭക്ഷിച്ചു അനേകം ഒന്നിച്ചയച്ചു. അവ ശരീരത്തിൽ ഏറ്റപ്പോൾ സർപ്പത്തിന്റെ ശരീരം മുറിഞ്ഞുവീണു. വിഷം മുഴുവൻ ശർദ്ദിച്ചു. ഒരു അരുവി പോലെ ഒഴുകാൻ തുടങ്ങിയ വിഷത്തിന്റെ ശക്തിയാൽ പലരും ബോധരഹിതരായി താഴെവീണു. രാജാവും വിഷക്കാറ്റേറ്റ് ദുഃഖിതനായി. പെട്ടെന്ന് അദ്ദേഹം ഹാലാസ്യനാഥന്റെ സമീപം ചെന്ന് സ്തുതിച്ചു. അങ്ങനെ സ്തുതിച്ചു കൊണ്ട് നിന്നപ്പോൾ ദേവാധിദേവനായ മഹാദേവൻ മൂലലിംഗത്തിൽ നിന്ന് സിദ്ധ രൂപത്തിൽ ആവിർഭവിച്ചു. രാജാവിനോടും ഭക്തജനങ്ങളോടും ഒപ്പം ഭഗവാൻ സർപ്പ സമീപം എത്തി. ശിരസ്സിലുള്ള ചന്ദ്രന്റെ അമൃത രശ്മിയാൽ വിഷക്കാറ്റ് ശമിച്ചു. എല്ലാവർക്കും ശീതളിമ അനുഭവപ്പെട്ടു. തന്റെ പാദങ്ങളിൽ പ്രണമിച്ചും വന്ദിച്ചും നിൽക്കുന്ന രാജാവിനെയും ജനങ്ങളെയും കാരുണ്യപൂർണമായ കടാക്ഷത്തിൽ വീക്ഷിച്ചു.. പെട്ടെന്ന് തന്നെ സിദ്ധൻ മറഞ്ഞു..
രാജാവിന്റെ അസ്ത്രങ്ങൾ ഏറ്റ് ശരീരം മുറിഞ്ഞ സർപ്പം വിഷരഹിതനായി മരിച്ചുവീണു. ആ ശരീരം ഒരു പർവ്വതമായി മാറി. ഇന്നും നാഗശൈലം എന്ന പേരിനാൽ ആ പർവ്വതം അറിയപ്പെടുന്നു. ശിവഭഗവാൻ ചന്ദ്ര രശ്മിയാൽ വിഷത്തെ മധുരീകരിച്ചതുകൊണ്ടാണ് മധുര എന്ന നാമം ഉണ്ടായതെന്ന് പറയപ്പെടുന്നു.ഹാലാസ്യം അഥവാ വിഷമുഖമുള്ള സർപ്പം ശൈലാകൃതിയിൽ വസിക്കുന്നതുകൊണ്ട് ഹാലാസ്യം എന്ന പേര് ക്ഷേത്രത്തിന് ഉണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. സുന്ദരേശാനുഗ്രഹത്താൽ അനന്തഗുണ പാണ്ഢ്യൻ കുറേക്കാലം രാജ്യം ഭരിച്ചു.
വിഷഭയം ഉൾപ്പെടെയുള്ള ദുഃഖങ്ങൾ മാറ്റുന്നതും അഭീഷ്ട്ടം സാധിക്കുന്നതുമാണ് ഹാലാസ്യനാഥന്റെ ഈ ലീലയുടെ പാരായണവും ശ്രവണവും.
അടുത്ത ഹാലാസ്യ മാഹാത്മ്യം 29 – പശുപർവ്വത വൃത്താന്തം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















