ഗർഭകാലത്തെ അമിതവണ്ണം ഹൃദ്രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠന റിപ്പോർട്ട്. ഉയർന്ന രക്തസമ്മർദ്ദം, പ്രീക്ലാംപ്‌സിയ, ഗർഭകാല പ്രമേഹം തുടങ്ങി ഗർഭിണികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. അമിതവണ്ണം ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുമെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രസവകാലത്ത് അമ്മമാർ നേരിടുന്ന പല രോഗാവസ്ഥകളും ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
4,200 അമ്മമാരിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠനവിധേയമായ അമ്മമാരിൽ പകുതിയിലധികം പേർക്ക് അമിത വണ്ണം മൂലം ഹൃദയസംബന്ധമായ പല രോഗാവസ്ഥകളും അനുഭവപ്പെട്ടിരുന്നു. ആദ്യ മൂന്നു മാസത്തിനുള്ളിൽ അമിതവണ്ണം ഉണ്ടായാൽ അത്തരം സ്ത്രീകളിൽ പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മർദ്ദ സാധ്യത 13%വും പ്രമേഹ സാധ്യത 10%വും ആണ്. അമിതവണ്ണം തടയാൻ ശ്രമിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മെച്ചപ്പെട്ട വ്യായാമത്തിലൂടെയും ഇത്തരം അവസ്ഥയ്‌ക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ.















