ജറുസലേം: ലെബനനിൽ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ലെബനനിൽ ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങളാണ് ഐഡിഎഫ് പ്രധാനമായും ലക്ഷ്യം വച്ചത്. ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹിസ്ബുള്ളയും ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.
പിന്നാലെ ഇസ്രായേൽ പ്രതിരോധ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഏഴോളം ഹിസ്ബുള്ള ഭീകരരെയാണ് വധിച്ചത്. ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘമാണ് ഹിസ്ബുള്ള. അതേസമയം ഹിസ്ബുള്ളയുമായി ആക്രമണം തുടങ്ങിയതിന് പിന്നാലെ ലെബനന് സമീപമുള്ള രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ഇസ്രായേൽ തുടങ്ങിയിട്ടുണ്ട്. 28 കമ്മ്യൂണിറ്റികളിലെ ആളുകളെയാണ് ഒഴിപ്പിക്കുന്നത്. മേഖലയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.
തങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പേരിൽ ഹിസ്ബുള്ള വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. വരും ദിവസങ്ങളിലും ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തും. ഇനിയും തങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് തീരുമാനമെങ്കിൽ മറുപടിയും അതിന് അനുസരിച്ചായിരിക്കുമെന്നും ഹഗാരി മുന്നറിയിപ്പ് നൽകി.