തനിക്ക് കിട്ടുന്ന ഓരോ വേഷവും വളരെ മനോഹരമാക്കിമാറ്റുന്ന നടനാണ് വിജയ് സേതുപതി. തന്റെ അഭിനയ മികവുകൊണ്ട് നിരവധി ആരാധകരെ സൃഷ്ടിക്കാനും വിജയ് സേതുപതിക്കായി. ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ മിക്ക ഭാഷകളിലും അദ്ദേഹം അഭിനയിച്ച് കഴിഞ്ഞു. ബോളിവുഡിലും താരം തന്റെ കഴിവും സാന്നിദ്ധ്യവും അറിയിച്ചു. തനിക്ക് കിട്ടുന്ന കഥാപാത്രത്തിനായി ഏത് ലുക്കിലും പ്രത്യക്ഷപ്പെടാൻ തയ്യാറാകുന്ന നടനാണ് സേതുപതി. അത്തരത്തിൽ വിജയ് സേതുപതിയുടെ പുതിയ ലുക്ക് സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റെട്രോ ലുക്കിലാണ് വിജയ് സേതുപതി പരിപാടിയിൽ പങ്കെടുത്തത്. സംവിധായകൻ മിഷ്‌കിനൊപ്പമുള്ള പുതിയ സിനിമയുടെ ലുക്ക് കൂടിയാണ് ഇത്. മുറി മീശയും കട്ടി കണ്ണടയും വച്ച വിജയ് സേതുപതിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുകയാണ്.
ട്രെയിൻ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മിഷ്‌കിൻ ചിത്രത്തിനായുള്ള ലുക്ക് ആണെങ്കിലും വിടുതലൈ 2 വിലും അദ്ദേഹം റെട്രോ ലുക്കിൽ തന്നെയാകും എത്തുന്നത്. ചിത്രത്തിൽ സൂരിയും പ്രധാന വേഷത്തിൽ എത്തും എന്നാണ് റിപ്പോർട്ട്.















