നിരന്തരം അപ്‌ഡേറ്റുകൾ നൽകുകയാണ് വാട്‌സ്ആപ്പ്. നിരവധി അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി നൽകുന്നത്. അവയിൽ പ്രധാനപ്പെട്ടവ നോക്കാം..
1) ചിത്രങ്ങൾ ‘വ്യൂ വൺസ്’ ചെയ്യാൻ കഴിയുന്നത് പോലെ വോയിസ് മെസേജുകൾക്കും ‘വ്യൂ വൺസ്’ മോഡ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ബീറ്റ ഉപയോക്താക്കളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. വൈകാതെ തന്നെ ആൻഡ്രോയിഡിലും ഐഒഎസിലും അവതരിപ്പിച്ചേക്കും. ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.23.21.15, 2.23.22.4, ഐഒഎസ് ബീറ്റാ 23.21.1.73 എന്നീ വേർഷനുകളിലാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
2) ചാറ്റുകൾ ഉടനടി ലോക്ക് ചെയ്യാൻ സാധിക്കുന്ന ഷോർട്ട് കട്ട് ആണ് മറ്റൊരു ഫീച്ചർ. ചാറ്റ് ലിസ്റ്റിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ടോഗിളിന്റെ സഹായത്തോടെ എളുപ്പത്തിൽ ചാറ്റുകൾ ലോക്ക് ചെയ്യാവുന്നതാണ്. ചാറ്റ് ഇൻഫോ സ്‌ക്രീനിൽ നിന്ന് കൊണ്ട് തന്നെ ചാറ്റുകൾ അതിവേഗത്തിൽ ലോക്ക് ചെയ്ത് സുരക്ഷ ഉറപ്പാക്കാം. പരീക്ഷാണടിസ്ഥാനത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. നേരത്തെ ചാറ്റ് ഇൻഫോ സെക്ഷൻ ഓപ്പൺ ചെയ്തതിന് ശേഷം മാത്രമേ ചാറ്റുകൾ ലോക്ക് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.
3) ഓഡിയോ-വീഡിയോ മെനുവാണ് വാട്‌സ്ആപ്പിൽ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു ഫീച്ചർ. ചാറ്റിൽ നിന്ന് കൊണ്ടുതന്നെ ഒറ്റ ക്ലിക്കിൽ ഓഡിയോയിൽ നിന്ന് വീഡിയോയിലേക്കും തിരിച്ചും എളുപ്പത്തിൽ മാറ്റാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ഓഡിയോ സന്ദേശത്തിന് ഉപയോഗിക്കുന്ന മൈക്രോഫോണിൽ നിന്ന് ഇൻസ്റ്റന്റ് വീഡിയോ സന്ദേശത്തിന് ഉപയോഗിക്കുന്ന ക്യാമറ ഐക്കണിലേക്ക് ഒറ്റ ക്ലിക്കിൽ മാറാൻ കഴിയുന്നതാണ് ക്രമീകരണം.















