മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രാഷ്‌ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ അല്ലു അർജ്ജുന് വൻ വരവേൽപ്പ്. വിമാനത്താവളത്തിൽ നിന്ന് ആരാധകർ അല്ലു അർജ്ജുനെ കരഘോഷങ്ങളോടെയാണ് വരവേറ്റത്. ആവേശം അടക്കാനാകാതെ ജനങ്ങൾ ആർപ്പുവിളിച്ചും പടക്കം പൊട്ടിച്ചും സന്തോഷം പ്രകടിപ്പിച്ചു.

ചൊവ്വാഴ്ചയായിരുന്നു 69-ാമത് ദേശീയ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ദ്രൗപദി മുർമു വിതരണം ചെയ്തത്. പുഷ്പ ദി റൈസ് ഒന്നാം ഭാഗത്തിലെ പ്രകടനത്തിനായിരുന്നു അല്ലു അർജ്ജുൻ മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിയത്. താരത്തിന്റെ കന്നി ദേശീയ പുരസ്‌കാരം കൂടിയായിരുന്നു ഇത്. തെലുങ്ക് സിനിമയിലും ആദ്യമായാണ് ഒരു നടന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുന്നത്.
2021 ഡിസംബറിൽ റിലീസ് ചെയ്ത പുഷ്പ ഇന്ത്യയൊട്ടാകെ തരംഗം തീർത്തിരുന്നു.. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ശ്രീദേവി പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്ന വേളയിലായിരുന്നു ഈ പുരസ്‌കാര നേട്ടം.















