തിരുവനന്തപുരം: തലസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂൾക്ക് നാളെ അവധി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരുന്ന 72 മണിക്കൂറിനുള്ളിൽ തുലാ വർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തും. കോമറിന് തീരത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുകയാണ്.
അതേസമയം അറബിക്കടലിലെ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ ശക്തിയേറിയ ന്യൂനമർദ്ദമായി മാറും. ബംഗാൾ ഉൾക്കടലിൽ മറ്റന്നാളോടെ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരും.