ഇന്ത്യയിലെ വാഹന നിർമ്മാതാക്കളിൽ എന്നും മുന്നിൽ നിൽക്കുന്നവരാണ് മാരുതി. നിരവധി മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുന്നതിൽ കമ്പനി വിജയം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഓട്ടോമാറ്റിക് ഗിയർബോക്സ് വാഹനങ്ങളുടെ വിൽപനയിൽ സുപ്രധാന അംഗീകാരം നേടിയിരിക്കുകയാണ് മാരുതി. 10 ലക്ഷം വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.
ഓട്ടോ ഗിയർ ഷിഫ്റ്റ് (എജിഎസ്), 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (എടി), സ്റ്റിയറിംഗ് മൗണ്ടഡ് പാഡിൽ ഷിഫ്റ്റുകളുള്ള അഡ്വാൻസ്ഡ് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഇലക്ട്രോണിക്-തുടർച്ചയുള്ള വേരിയബിൾ ട്രാൻസ്മിഷൻ (ഇ-സിവിടി) എന്നിങ്ങനെ മാരുതിയുടെ 16 മോഡലുകളിൽ നാല് തരം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓട്ടോമാറ്റിക് കാർ വിൽപ്പനയിലെ 65 ശതമാനവും വിറ്റത് കമ്പനി 2014-ൽ പുറത്തിറക്കിയ എജിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന മോഡലുകളാണ്. കൂടാതെ 27 ശതമാനവും എടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലുകളാണ്.
ഡൽഹി, മഹാരാഷ്‌ട്ര, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നാണ് ഓട്ടോമാറ്റിക് കാറുകളുടെ ഭൂരിഭാഗം വിൽപ്പനയും നടന്നിട്ടുള്ളത്. കമ്പനി പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് കമ്പനിയുടെ വിൽപ്പന ഉയരുകയാണ് അതുകൊണ്ട് തന്നെ 2023-24 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം നെക്‌സ റീട്ടെയിൽ ശൃംഖല ഉപഭോക്താക്കൾ മികച്ച നിലവാരമുള്ള ഓട്ടോമാറ്റിക് വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത്. ഇത് മാരുതിയുടെ ഓട്ടോമാറ്റിക് കാർ വിൽപ്പനയുടെ 58% വരും. എന്നാൽ അരീന റീട്ടെയിൽ ശൃംഖല ഉപഭോക്താക്കൾ മിഡ്-ലെവൽ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത്. ഇത് ഓട്ടോമാറ്റിക് കാർ വിൽപ്പനയിൽ ഏകദേശം 42 ശതമാനം സംഭാവന ചെയ്യുന്നു.