കണ്ണൂർ: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്നു. മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് വയോധികയെ കെട്ടിയിട്ട് 10 പവൻ സ്വർണം കവർന്നത്. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് മുഖമൂടി സംഘം കവർച്ച നടത്തിയത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. രാത്രി 11 മണിയോടെ ഡോക്ടർ ഷക്കീറും ഭാര്യയും പുറത്ത് പോയ സമയത്താണ് മോഷ്ടാക്കൾ വീടിന്റെ ജനൽ കമ്പി പൊട്ടിച്ച് അകത്ത് കയറിയത്. വീട്ടിൽ ബന്ധുവായ വയോധികയും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. കുട്ടികൾ രണ്ടുപേരും മുകളിലെ നിലയിലെ മുറികളിലായിരുന്നു. പുലർച്ചെ കുട്ടികൾ താഴേക്ക് വരുമ്പോഴാണ് വയോധികയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ കാണുന്നത്. വീട്ടിലുണ്ടായിരുന്ന സ്വർണവും വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണവും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.















