മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ നിവിൻ പോളി. നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം ഇപ്പോഴിതാ കരിയറിൽ മറ്റൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. ആദ്യമായി ഒടിടി വെബ് സീരിസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിവിൻ പോളി. ഹോട്ട്സ്റ്റാർ ഒരുക്കുന്ന ‘ഫാര്‍മ’ എന്ന വെബ് സീരിസിലൂടെയാണ് നിവിൻ പോളി ഒടിടിയിൽ അരങ്ങേറ്റം കുറിക്കുന്നത്.
നിവിൻ പോളി നായകനാകുന്ന സിരീസ് സംവിധാനം ചെയ്യുന്നത് ഫൈനല്‍സ് എന്ന ചിത്രമൊരുക്കി ശ്രദ്ധേയനായ പി.ആര്‍. അരുണ്‍ ആണ്. നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റ് എന്നാണ് ഫാര്‍മയെക്കുറിച്ച് സംവിധായകന്‍റെ പ്രതികരണം. മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരിസ് നിർമിക്കുന്നത്.
സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രമുഖ ബോളിവുഡ് താരം രജിത് കപൂറാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ശ്യാമപ്രസാദിന്‍റെ സംവിധാനത്തിലെത്തിയ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. ഇവരെ കൂടാതെ നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിരീസിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജമും, എഡിറ്റിങ് ശ്രീജിത് സാരംഗുമാണ്. ലൈൻ പ്രൊഡ്യൂസർ നോബിൾ ജേക്കബ് ആണ്. കൂടാതെ ചില സര്‍പ്രൈസ് കാസ്റ്റിങും സിരീസില്‍ ഉണ്ടാകും.















