ചെന്നൈ: ബ്രഹ്‌മോത്സവത്തോടനുബന്ധിച്ച് തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ തിരുപ്പതിയിലെ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവമാണ് ബ്രഹ്‌മോത്സവം. കുടുംബത്തോടൊപ്പമായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയത്. ഇതിന് ശേഷം അദ്ദേഹം ആരാധകരുമായി സംവദിക്കുകയും ചെയ്തു.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു വിവിഎസ് ലക്ഷ്മൺ. നേരത്തെ 134 ടെസ്റ്റ് മത്സരങ്ങളിൽ ലക്ഷ്മൺ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. 225 ഇന്നിംഗ്സുകളിൽ നിന്ന് 8,781 റൺസ് നേടി. ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ 281 എന്ന മികച്ച സ്‌കോറും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
വിവിധ മത്സരങ്ങളിൽ നിന്നായി 17 സെഞ്ചുറികളും 56 അർദ്ധസെഞ്ചുറികളും അദ്ദേഹം സ്വന്തമാക്കി. 86 ഏകദിന മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. ഏകദിന മത്സരങ്ങളിൽ ആറ് സെഞ്ചുറികളും 10 അർധസെഞ്ചുറികളും അദ്ദേഹം നേടി. 131 റൺസാണ് അദ്ദേഹത്തിന്റെ ഏകദിന മത്സരങ്ങളിലെ മികച്ച സ്‌കോർ. ആരാധകർക്കിടയിൽ ‘വെരി വെരി സ്പെഷ്യൽ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.















