ബീജീംഗ്: സമൂഹമാദ്ധ്യമങ്ങളിൽ വ്യത്യസ്തങ്ങളായ നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയിലെ ഒരു ബിയർ കമ്പനിയിലെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായതോടെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. പ്രചരിക്കുന്ന വീഡിയോയിൽ കമ്പനിയിലെ ഒരു തൊഴിലാളി ബിയറുണ്ടാക്കാനുള്ള സാധനങ്ങളിൽ മൂത്രമൊഴിക്കുന്നതാണുള്ളത്. നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ ചൈനയിലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
ക്യാസിങ്‌ടോ ബ്രൂവറി കമ്പനി വെയർഹൗസിലെ ഫാക്ടറി തൊഴിലാളിയാണ് ഒരു വലിയ കണ്ടെയ്‌നറിലേക്ക് മൂത്രമൊഴിച്ചത്. സംഭവം വൈറലായതോടെ കമ്പനിക്കെതിരെ നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന്, സംഭവം പോലീസിൽ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്ന് വരികയാണെന്നും ക്യാസിങ്‌ടോ ബ്രൂവറി കമ്പനി അറിയിച്ചു.
പൊതു സുരക്ഷാ സംഘടനകളും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. സംശയം തോന്നിയ മാൾട്ട് പൂർണമായും അടച്ചിരിക്കുകയാണ്. തങ്ങളുടെ മാനേജ്‍മെന്റിനെ ശക്തിപ്പെടുത്തുകയും ഉത്പന്നത്തിന്റെ ഗുണം ഉറപ്പിക്കുകയും ചെയ്യുമെന്നും കമ്പനി പറഞ്ഞു.
വീഡിയോ വൈറലായതോടെ ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം എന്നും ഇങ്ങനെയാണ് എങ്കിൽ എങ്ങനെ വിശ്വസിച്ച് ബിയർ കഴിക്കുമെന്നുമാണ് കമന്റിലൂടെ ചോദിക്കുന്നത്. ഇത് ചെയ്തയാളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.















