കോഴിക്കോട്: ജപ്പാനിൽ ഗവേഷണവും പ്രൊജക്റ്റുകളും ചെയ്യുന്നതിന് ധാരണാപത്രത്തിൽ ഒപ്പിട്ട് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി). കേന്ദ്ര സർക്കാർ ആരംഭിച്ച ഇന്ത്യ-ജപ്പാൻ സഹകരണത്തിന്റെ ഭാഗമായി കോഴിക്കോട് എൻഐടിയിൽ നിന്നുള്ള സംഘം ജപ്പാൻ സന്ദർശിച്ചിരുന്നു. സന്ദർശനവേളയിലാണ് എൻഐടി സംഘം ജാപ്പനീസ് വ്യവസായങ്ങളും സർവ്വകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഈ സഹകരണ പ്രവർത്തനത്തിലൂടെ നൈപുണ്യ വികസനത്തിനും തൊഴിൽ വർദ്ധനയ്‌ക്കും ഉത്തേജനം നൽകുമെന്ന് എൻഐടി കോഴിക്കോട് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു
നൈപുണ്യ വികസനം, തൊഴിൽ അവസരങ്ങൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തി ജപ്പാനിലുള്ള നെഹാൻ ടെക്‌നോളോജിസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ധാരണാ പത്രം തയ്യാറാക്കിയത്. കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി ജപ്പാനിലെ ക്യാമ്പസുകളിൽ വ്യാവസായിക പരിശീലനത്തിലും എൻഐടിസിയുടെ ഇൻകുബേഷൻ സെന്ററുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംയുക്ത പ്രോജക്ടുകൾ, ബോധവൽക്കരണ പരിപാടികൾ, പ്രദർശനങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുന്നതിനും ഇന്ത്യയിലും ജപ്പാനിലും മറ്റ് രാജ്യങ്ങളിലും സംയുക്ത ഗവേഷണം, വിദ്യാഭ്യാസം, ഫീൽഡ് സ്റ്റഡീസ്, കൺസൾട്ടൻസി പ്രോജക്ടുകൾ എന്നിവ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ധാരണാപത്രങ്ങൾ സഹായിക്കുമെന്നും പ്രസാദ് കൃഷ്ണ പറഞ്ഞു.















