ബെംഗളൂരു: യഥാർത്ഥ പുലി നഖം ലോക്കറ്റാക്കി റിയാലിറ്റി ഷോയിലെത്തിയ മത്സരാർത്ഥി പിടിയിൽ. കന്നട ബിഗ്ബോസിലെ 10-ാം സീസൺ മത്സരാർത്ഥി വർത്തൂർ സന്തോഷ് ആണ് അറസ്റ്റിലായത്. വനം വകുപ്പ് ഇയാളെ ബിഗ്ബോസ് വേദിയിൽ നിന്നുമായിരുന്നു പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
ഷോയ്‌ക്കിടെയായിരുന്നു ഇയാളുടെ കഴുത്തിൽ പുലിനഖം ലോക്കറ്റായി കിടക്കുന്ന മാല ശ്രദ്ധയിൽപ്പെട്ടത്. പ്രേക്ഷകരിൽ ചിലരാണ് വനം വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മത്സരവേദിയിലെത്തി മാല നൽകാൻ ആവശ്യപ്പെട്ടു. മാല വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോൾ അതിലുണ്ടായിരുന്നത് യഥാർഥ പുലിനഖങ്ങളാണെന്ന് അധികൃതർ കണ്ടെത്തി.
ഇതിന് പിന്നാലെ ബിഗ്ബോസ് ഷോ അധികൃതരെ വിവരം അറിയിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്നും വനം വകുപ്പ് പറഞ്ഞു.















