ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവ നച്ചത്തിരം പ്രദർശനത്തിന് എത്തുകയാണ്. നവംബർ 24 – നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഇത് ആദ്യമായാണ് വിക്രം നായകനാകുന്ന ഒരു സിനിമയുടെ ഷൂട്ടിംഗ് ഏഴ് വർഷം നീണ്ടു നിൽക്കുന്നത്. ചിത്രത്തിന്റെ ട്രെലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇതിനോടകം മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് കിട്ടുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ധ്രുവ നച്ചത്തിരം. ജയിലർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനായകൻ ശക്തമായൊരു പ്രതിനായക വേഷവുമായി എത്തുന്നു എന്ന പ്രത്യേകതയും സിനിമയിലുണ്ട്.
2016 ലാണ് ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതിനിടെ ചിത്രത്തിന്റെ ഒരു ടീസറും ഗാനവും പുറത്തു വിട്ടിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ചിത്രം മുടങ്ങുകയായിരുന്നു. ഒരു പക്ഷേ തെന്നിന്ത്യയിൽ ഇത്രയും വലിയൊരു കാലയളവിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമില്ലെന്ന് തന്നെ പറയാം. ധ്രുവ നച്ചത്തിരത്തിന്റെ ഷൂട്ടിംഗ് നീളാൻ തുടങ്ങിയതിന് ശേഷമാണ് ഗൗതം മേനോൻ അഭിനയ രംഗത്തേയ്‌ക്ക് ചുവടുവെച്ചത്. ഏഴു വർഷത്തിനിടെ മിക്ക തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സിനിമകളിൽ ഗൗതം മേനോൻ അഭിനയിച്ചു. എന്നാൽ ഇതിനിടെ ഒരു സിനിമ പോലും ഗൗതം മേനോൻ സംവിധാനം ചെയ്തിട്ടില്ല.
ചിത്രത്തിൽ ഋതു വർമ്മയാണ് നായിക. ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തിൽ വേഷമിടുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈൻറ് മൂവിസാണ് ചിത്രത്തിന്റെ വിതരണം.















