തിരുവനന്തപുരം: ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പാലക്കാട് എന്നീ രണ്ട് ജില്ലകളിലാണ് പുതുക്കിയ അറിയിപ്പ് പ്രകാരം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകൾക്കൊപ്പം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ അഞ്ച് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
അതേസമയം രണ്ട് ചക്രവാതച്ചുഴികളുടെ സാന്നിദ്ധ്യമാണ് സംസ്ഥാനത്ത് മഴ ശക്തമായി തുടരാൻ കാരണം. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാദ്ധ്യതയെന്നാണ് പ്രവചനം. മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആന്ധ്രാ തീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിലനിൽക്കുന്നുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തമായി തുടരാൻ സാദ്ധ്യതയുള്ള മലയോര മേഖലകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.