കേന്ദ്ര സർക്കാരിന്റെ സമ്പാദ്യ പദ്ധതികളിലേക്കുള്ള നിക്ഷേപങ്ങളിൽ കഴിഞ്ഞ മാസം വൻ കുതിപ്പ്. മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിലാണ് ഏറ്റവും നിക്ഷേപം ലഭിച്ചത്. കഴിഞ്ഞ വർഷം ഈ സ്കീമിൽ 28,715 കോടി രൂപയാണ് നിക്ഷേപ തുകയായി ലഭിച്ചത്. എന്നാൽ ഇത്തവണ 160 ശതമാനം കുതിപ്പാണ് നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്. 74,675 കോടി രൂപയാണ് ഇത്തവണ ഈ സ്കീമിലൂടെ എത്തിയിരിക്കുന്നത്. ഇതോടെ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിലെ മൊത്തം നിക്ഷേപം ഒരു ലക്ഷം കോടി കടന്നതായാണ് റിപ്പോർട്ട്.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് പദ്ധതിയുടെ പലിശ ജൂണിൽ 8 ശതമാനത്തിൽ നിന്നും 8.2 ശതമാനമായി ഉയർത്തിയിരുന്നു. ഇതാകാം നിക്ഷേപത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിച്ചത്. ഇതിന് പുറമെ കഴിഞ്ഞ ഏപ്രിലിൽ നിക്ഷേപ പരിധി ഉയർത്തിയിരുന്നു. 15 ലക്ഷം രൂപയിൽ നിന്നും 30 ലക്ഷം രൂപയായാണ് നിക്ഷേപ തുക ഉയർത്തിയത്. നിക്ഷേപത്തിന് ലഭിക്കുന്ന പലിശ വർദ്ധിപ്പിച്ചതും നിക്ഷേപ പരിധി വർദ്ധിപ്പിച്ചതും കൂടുതൽ ആൾക്കാരെ പദ്ധതിയിലേക്ക് അടുപ്പിച്ചെന്നാണ് വിലയിരുത്തൽ.
വനിതകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്ന മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള പാദത്തിൽ 13,512 രൂപയാണ് നിക്ഷേപമായി എത്തിയത്. വനിതകൾക്ക് ഒറ്റത്തവണയായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. 7.5 ശതമാനമാണ് ഇതിലൂടെ ലഭ്യമാകുന്ന പലിശ.