ചെന്നെെ: സംവിധായകൻ മണിരത്നത്തിന്റെ ചിത്രത്തിൽ നായികയാകാൻ തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. നേരത്തെ ചിത്രത്തെ കുറിച്ചുള്ള സൂചനകൾ എത്തിയിരുന്നു. കമല്ഹാസന് നായകനായെത്തുന്ന ചിത്രത്തിൽ നായികയായി തൃഷ വരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ചിത്രത്തില്‍ നായികയാകാൻ തൃഷയെത്തില്ലെന്നും നയന്‍താര വരുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
അങ്ങനെയെങ്കിൽ കമല്‍ഹാസന്റെയും മണിരത്നത്തിന്റെയും ചിത്രത്തിൽ നയൻതാര ഇതാദ്യമായാണ് എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ നയന്‍താര വന്‍ പ്രതിഫലം തന്നെ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിൽ അഭിനയിക്കാനായി തമിഴ് സിനിമയിലെ ഏറ്റവും കൂടിയ പ്രതിഫലമാണ് നിര്‍മ്മാതാക്കള്‍ നയന്‍താരയ്ക്കായി ഓഫര്‍ ചെയ്തിരിക്കുന്നത്. നിലവിലെ റിപ്പോർട്ട് പ്രകാരം 12 കോടി പ്രതിഫലം നയന്‍താരയ്ക്ക് ലഭിക്കുമെന്നാണ് സൂചന.
അതേസമയം തൃഷയ്ക്ക് ഈ തുക നേരത്തെ ഓഫര്‍ ചെയ്തിരുന്നുവെന്നാണ് വിവരം. 12 കോടി ആര്‍ക്ക് ലഭിച്ചാലും അത് റെക്കോര്‍ഡാണ്. ഇതോടെ തമിഴ് സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി അവര്‍ മാറും. ഇതേസമയം ബോളിവുഡ് ചിത്രം ജവാന്റെ വിജയത്തിന് പിന്നാലെ തന്നെ 13 കോടിയായി നയന്‍താര പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. നായൻതാരയ്ക്കാണെങ്കിലും തൃഷയ്ക്കാണെങ്കിലും ആരാധകർ വമ്പൻ പ്രതീക്ഷയാണ് ചിത്രത്തിന് വെക്കുന്നത്. കമലിനൊപ്പം ജയം രവിയും, ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ ഏഴിന് സിനിമയുടെ ടീസര്‍ പുറത്തുവിടുമെന്നാണ് സൂചന. നയന്‍താരയാണോ തൃഷയാണോ നായികയെന്ന് ഈ ടീസറില്‍ വ്യക്തമാകും.















