തിരുവനന്തപുരം: മനോരോഗിയായ 15-കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 52 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മുടവൻമുകൾ തമലം പൊറ്റയിൽ വീട്ടിൽ പ്രഭാത് കുമാർ എന്ന പ്രഭൻ(64 )നെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നുമാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്നും കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ജഡ്ജി ആർ. രേഖ ഉത്തരവിട്ടു.
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന കുട്ടി സ്കൂളിൽ നിന്നും തിരിച്ചെത്തി ടിവി കാണുന്ന സമയത്താണ് 64-കാരൻ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതി ബലം പ്രയോഗിച്ചതിനാൽ കുട്ടിയും വായിലും കഴുത്തിലും മുറിവേറ്റിരുന്നു. പിറ്റേദിവസം സ്കൂളിൽ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്റെ പാടുകൾ കണ്ട കൂട്ടുകാരികളാണ് ടീച്ചറോട് വിവരം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പൂജപ്പുര പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയും മനോരോഗിയാണ്. 85 വയസ്സ് പ്രായമുള്ള അമ്മൂമ്മയാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. മനോരോഗിയായ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധിയിൽ പറയുന്നു. ഇത്തരം ശിക്ഷകൾ വന്നാൽ മാത്രമേ കുറ്റകൃത്യങ്ങൾ കുറയുകയുള്ളുവെന്നും വിധിയിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയമോഹൻ ഹാജരായി. മ്യൂസിയം സിഐമാരായിരുന്ന വി ജയചന്ദ്രൻ, എം ജെ സന്തോഷ്, പൂജപ്പുര എസ് ഐ ആയിരുന്ന പി ബി വിനോദ്കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്.