മോഹൻലാൽ, ശിവ രാജ്കുമാർ, പ്രഭാസ് എന്നിവർ അതിഥി വേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ. നടൻ വിഷ്ണു മഞ്ചു ആണ് ചിത്രത്തിലെ നായകൻ. ഒരു പാൻ ഇന്ത്യൻ ചിത്രം കൂടിയായ കണ്ണപ്പയുടെ ചിത്രീകരണം ന്യൂസിലൻഡിൽ പുരോഗമിക്കുകയാണ്. ഇതിനിടെ നടൻ വിഷ്ണു മഞ്ചുവിന് പരിക്കേറ്റു. ചിത്രീകരണത്തിനിടെ ഡ്രോൺ പൊട്ടി വീണാണ് അപകടം സംഭവിച്ചത്. തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തി വച്ചു.
സിഗ്നലിലെ തകരാർ മൂലം ഡ്രോണിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് പൊട്ടി വീണ ഡ്രോണിന്റെ ബ്ലേഡുകൾ കൊണ്ട് വിഷ്ണുവിന് കൈകകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. താരം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മകന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി വിഷ്ണുവിന്റെ പിതാവും നടനുമായ മോഹൻ ബാബു പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.















