മലപ്പുറം: സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ച അദ്ധ്യാപകനെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസെടുത്തത്. ഐപിസി 341, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ക്ലാസിലെ പെൺകുട്ടികൾക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടെ അദ്ധ്യാപകൻ മൊബൈലിൽ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് ഒൻപതാം ക്ലാസുകാരന്റെ പരാതി. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും ശരീരഭാഗങ്ങളിലും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തിരുന്നു.