വാഷിംഗ്ടൺ: ഗാസയ്‌ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകൾ പറത്തി അമേരിക്ക. ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണം നടത്തിയതിനെ തുടർന്ന് ബന്ദികളാക്കി വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. ഹമാസ് തടവിലാക്കി വച്ചിരിക്കുന്ന 200 പേരിൽ അമേരിക്കൻ പൗരന്മാരും ഉൾപ്പെടുന്നുണ്ട്. ബന്ദികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിന് വേണ്ടിയാണ് ഗാസയ്‌ക്ക് മുകളിലൂടെ രഹസ്യാന്വേഷണ ഡ്രോണുകൾ പറത്തിയതെന്ന് അമേരിക്ക അറിയിച്ചു. ഒരാഴ്ചയിലധികമായി ഗാസയ്‌ക്ക് മുകളിലൂടെ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും യുഎസ് വ്യക്തമാക്കി.
ഹമാസിനെതിരായ ആക്രമണത്തിൽ ഇസ്രായേൽ സൈന്യം ഗാസയിലെ പ്രധാന നഗരം വളഞ്ഞു. വടക്കൻ ഗാസ കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. അതിനാൽ സാധാരണക്കാർ തെക്കൻ ഗാസയിലേക്ക് മാറണമെന്നുളള നിർദ്ദേശം ഇസ്രായേൽ നൽകിയിരുന്നു.
ഹമാസ് തടവിലാക്കി വച്ചിക്കുന്നവരെ മോചിപ്പിക്കുകയെന്നത് ഇസ്രയേലിന്റെ ദൗത്യമാണെന്നും ഇവരുടെ മോചനത്തിനായാണ് ഗാസയിൽ ആക്രമണം നടക്കുന്നതെന്നും ഇസ്രായേൽ അഡ്മിറൽ ഡാനിയേൽ പറഞ്ഞു. വിദേശികളെയും ഹമാസ് ബന്ദികളാക്കിയിരിക്കുന്നതിനാൽ ഇത് ആഗോള പ്രശ്നമാണെും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഹമാസിന്റെ സെൻട്രൽ ജബാലിയ ബറ്റാലിയൻ കമാൻഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്ന ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.