മകൾ ഭാഗ്യയുടെ വിവാഹത്തിന് ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ഗോപി. നഞ്ചിയമ്മയെ നേരിട്ട് കണ്ടാണ് അദ്ദേഹം മകളുടെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. ഈ കൂടികാഴ്ചയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുകയാണ്. എനിക്ക് അമ്മയില്ല, ആ സ്ഥാനത്ത് നിന്ന് കല്യാണം നടത്തി തരണമെന്നാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറയുന്നത്. തുടർന്ന് നഞ്ചിയമ്മയുടെ കാലിൽ വീണ് നമസ്കരിച്ച് നെറുകയിൽ ചുംബിക്കുകയും ചെയ്തു അദ്ദേഹം.
നഞ്ചിയമ്മയെ സുരേഷ് ഗോപി പൊന്നാട അണിയിക്കുന്നതും തന്റെ വീട്ടിൽ വന്ന് കുറച്ച് ദിവസം താമസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. സാറ് അന്ന് പറഞ്ഞതു പോലെ എനിക്ക് ദേശീയ അവാർഡ് കിട്ടിയെന്നും മകളുടെ കല്യാണത്തിന് ഉറപ്പായും വരുമെന്നുമാണ് നഞ്ചിയമ്മ സുരേഷ് ഗോപിക്ക് മറുപടി നൽകിയത്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമത്തിൽ വെെറലാകുകയാണ്.
നേരത്തെ പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു. ഭാര്യ രാധികയ്ക്കും മൂത്ത മകൾ ഭാഗ്യക്കുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുരേഷ് ഗോപി സന്ദർശിച്ചത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ കാണാൻ അദ്ദേഹം ഡൽഹിയിൽ എത്തിയത് .
ബിസിനസുകാരനായ ശ്രേയസ് ആണ് ഭാഗ്യയുടെ വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. കരസേനയിൽ ഉദ്യോഗസ്ഥനായിരുന്ന മോഹൻ പിന്നീട് ജെറ്റ് എയർവേഴ്സിൽ പ്രവർത്തിച്ചു. വിവാഹം അടുത്ത വർഷം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. റിസപ്ഷൻ ജനുവരി 20നും നടക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവെച്ചാകും മറ്റ് പരിപാടികൾ നടക്കുക. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താരത്തിന്റെ മകൾ ഭാഗ്യ ബിരുദം കരസ്ഥമാക്കിയത്. ബ്രിട്ടീഷ് കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്നുമായിരുന്നു താരപുത്രി ബിരുദം കരസ്ഥമാക്കിയത്. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല് സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.