മമ്മികളെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. പല മമ്മികളുടെയും പിന്നിൽ മറഞ്ഞിരിക്കുന്ന നിഗൂഢതകൾ പുറത്തേക്ക് കൊണ്ടുവരുന്നതിൽ ചിലർക്കെങ്കിലും താല്പര്യമുണ്ടാകും. അത്തരത്തിലൊരു മമ്മിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. എന്നാൽ ഇത് ഒരു മനുഷ്യന്റെ മമ്മിയല്ല എന്നതാണ് ഏവരിലും കൗതുകമുണർത്തുന്നത്.
കുരങ്ങിന്റെയും മത്സ്യത്തിന്റെയും മറ്റു ജീവികളുടെയും വിവിധ ശരീര ഭാഗങ്ങൾ ചേർന്നുള്ള മമ്മിയാണ് ഇത്. യുഎസിലെ സ്പ്രിംഗ്ഫീൽഡിലുള്ള ക്ലാർക്ക് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ കൈവശമുള്ള ഈ മമ്മി ഫിജി മെർമയ്ഡ് എന്നാണ് അറിയപ്പെടുന്നത്. ഫിജി മെർമെയ്ഡ് മമ്മിയിൽ ഇപ്പോൾ എക്സ്റേ, സിടി സ്കാനുകൾ തുടങ്ങിയവ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. വിവിധ ജീവികളുടെ ശരീരഭാഗങ്ങൾ ചേർന്നുള്ള മമ്മിയാണിതെങ്കിലും മനുഷ്യ നിർമ്മിതമായ വസ്തുവാണിതെന്നാണ് കതുതപ്പെടുന്നത്.
മത്സ്യബന്ധനക്കാരോ വനവാസി സമൂഹമോ വാണിജ്യത്തിനായി നിർമ്മിച്ചെടുത്ത വസ്തുവാണിതെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ. 1810-ൽ തദ്ദേശീയരായ ആളുകളിൽ നിന്നും ഒരു ഡച്ച് വ്യാപാരിയാണ് ആദ്യമായി ഈ മെർമെയ്ഡ് സ്വന്തമാക്കിയത്. വളരെ വിചിത്രമായി നിർമ്മിച്ച വസ്തുവായതിനാൽ തന്നെ ഇതിന്റെ ആകർഷകത്വം വളരെ വലുതായിരുന്നു. പിന്നീട് പല ആളുകളിലൂടെയും കൈമറിഞ്ഞ് എത്തിയ മമ്മി 1842-ലാണ് പ്രശസ്ത പ്രദർശന വ്യവസായി പി.ടി ബാർണത്തിന്റെ ഒപ്പം യുഎസിൽ എത്തുന്നത്. അക്കാലത്ത് ഇത്തരത്തിലുള്ള നിരവധി വിചിത്ര ജീവികളെ കണ്ടെത്തിയതിനാൽ തന്നെ ബാർണത്തിന്റെ പ്രദർശന ശാലയിൽ ഫിജി മെർമെയ്ഡിനെ മാത്രം കാണാൻ നിരവധി ആളുകളാണ് എത്തിയത്. ഇതിനു പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ തിരിച്ചറിയാനാണ് ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്. നിഗൂഢവും വിചിത്രവുമായിരിക്കുന്ന ഫിജി മെർമെയ്ഡിനെ കുറിച്ച് നിരവധി കഥകളാണ് ഇപ്പോഴും പ്രചരിക്കുന്നത്.















