ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന മേഖലയാണ് ടെക്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് അപ്രന്റീസ്ഷിപ്പിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. ഗൂഗിൾ ഡിജിറ്റൽ മാർക്കറ്റിങ് അപ്രന്റീസ്ഷിപ്പ് 24 മാസത്തേക്കുള്ള ഒരു പഠന-വികസന പ്രോഗ്രാമാണ്. പ്രോഗ്രാമിലുടനീളം തെരഞ്ഞെടുക്കപ്പെടുന്ന ഓഫീസുകളിലായി മുഴുവൻ സമയം പങ്കെടുക്കണം. ആഴ്ച്ചയിൽ 40 മണിക്കൂറാണ് പ്രോഗ്രാം ഉണ്ടായിരിക്കുക.
2024 തുടക്കത്തോടെ ആരംഭിക്കാനിരിക്കുന്ന അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ഡിജിറ്റൽ മാർക്കറ്റിംഗിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവ നിർബന്ധം. ജി-മെയ്ൽ, ക്രോം, ഡോക്സ്, ഷീറ്റ്സ് തുടങ്ങിയ ഗൂഗിൾ സേവനങ്ങളിൽ പ്രാവീണ്യമുണ്ടായിരിക്കണം. കസ്റ്റമർ സർവ്വീസ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഇവന്റ്, മീഡിയ എന്നിവയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല ഒന്നിൽ കൂടുതൽ പ്രാദേശിക ഭാഷകളിൽ പ്രാവീണ്യമുള്ളവരെയും, പ്രോബ്ലം സോൾവിങ്, ക്രിട്ടിക്കൽ തിങ്കിങ് എന്നിവയിൽ മികവ് പുലർത്തുന്നവർക്കും തെരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കുന്നതാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, കവർ ലെറ്ററും നൽകേണ്ടതുണ്ട്. എന്തുകൊണ്ടാണ് പ്രോഗ്രാമിന് ചേരുന്നതെന്ന് കവർ ലെറ്ററിൽ വ്യക്തമാക്കണമെന്നും ഗൂഗിൾ നിർദ്ദേശിക്കുന്നു. ഗൂഗിളിന്റെ ഹൈദരാബാദ്, ബെംഗളൂരു, ഗുർഗ്വാൻ, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡിസംബർ 15 വരെ അപേക്ഷിക്കാവുന്നതാണ്.