മുംബൈ: ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് കാരണം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറാണെന്ന് അഫ്ഗാൻ താരം ഇബ്രാഹിം സദ്രാൻ. സച്ചിനിൽ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ഓസീസിനെതിരെ അപരാജിത സെഞ്ച്വറി നേടാൻ കാരണമായത്. സെഞ്ച്വറി നേടിയ ശേഷമുള്ള പ്രതികരണത്തിലാണ് സച്ചിനുമായുള്ള സംസാരം തനിക്ക് എത്രമാത്രം സഹായകമായെന്ന് താരം വെളിപ്പെടുത്തിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ സാറുമായി ഞാൻ ഇന്നലെ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിരവധി അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവച്ചു. അത് എന്നെ വളരെയധികം സഹായിച്ചു, അതിൽ നിന്നും ഒരുപാട് ആത്മവിശ്വാസം ലഭിച്ചു. അദ്ദേഹത്തിന് നന്ദി’, – എന്നാണ് സദ്രാൻ പറഞ്ഞത്
ലോകകപ്പിൽ അഫ്ഗാനിസ്താന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടത്തിന് സദ്രാൻ അർഹനായി. 143 പന്തിൽ മൂന്ന് സിക്‌സും എട്ട് ഫോറുമടക്കം പുറത്താവാതെ 129 റൺസാണ് താരം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. ഓപ്പണറായെത്തി പുറത്താകാതെ 129 റൺസെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാന് മികച്ച സ്‌കോർ നേടിക്കൊടുത്തത്.















