കീവ്: ജന്മദിനാഘോഷത്തിനിടെ സമ്മാനങ്ങൾക്കിടയിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് യുക്രെയ്ൻ സേനാ മേധാവിയുടെ ഉപദേശകൻ മേജർ ഗെന്നഡി ചാസ്റ്റിയാകോവിന് ദാരുണാന്ത്യം. സമ്മാനമായി കിട്ടിയ പെട്ടിക്കുള്ളിലായിരുന്നു ഗ്രനേഡ് സ്ഥാപിച്ചിരുന്നത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം.
ഗ്രനേഡുകളടങ്ങിയ പെട്ടി മകനെ കാണിക്കുന്നതിനിടയിലാണ് ചാസ്റ്റിയാകോവ് കൊല്ലപ്പെട്ടത്. മകൻ പെട്ടികളിലൊന്നിന്റെ വളയം തിരിക്കാൻ തുടങ്ങിയപ്പോൾ ചാസ്റ്റിയാകോവ് അത് പിടിച്ചുവാങ്ങി. തുടർന്ന് വളയത്തിൽപ്പിടിച്ച് വലിച്ചു. ഈ സമയത്താണ് ഗ്രനേഡ് പൊട്ടിത്തെറിച്ചതെന്ന് ആഭ്യന്തരമന്ത്രി ഇഗോർ ക്ലിമെങ്കോ പറഞ്ഞു.
സംഭവത്തിൽ ഇദ്ദേഹത്തിന്റെ 13-കാരൻ മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സമ്മാനം കൊടുത്ത സഹപ്രവർത്തകനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ പക്കൽ നിന്ന് രണ്ട് ഗ്രനേഡുകൾ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.