സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം നെയ്മർ ജൂനിയറിന്റെ പങ്കാളി ബ്രൂണ ബിയാൻ കാർഡിയേയും ഒരു മാസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം. ബ്രൂണയുടെ സാവോപോളോയിലെ വീട്ടിൽ വച്ചാണ് ആയുധധാരികളായ മൂന്ന് പേർ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒരാൾ പോലീസ് പിടിയിലായി.
ആയുധധാരികളായ സംഘം എത്തിയപ്പോൾ ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ശ്രമം പരാജയപ്പെട്ടതോടെ വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ കെട്ടിയിട്ട് ഉപദ്രവിച്ച് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുകളും കവരുകയായിരുന്നു. സംഭവത്തിൽ പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് സാവോ പോളോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞെന്നും അവരെ പിടികൂടാനുളള ശ്രമങ്ങൾ ഊർജ്ജിതമാക്കിയെന്നും പോലീസ് കൂട്ടിച്ചേർത്തു. അച്ഛനും അമ്മക്കും കുഴപ്പങ്ങളൊന്നുമില്ലെന്നും സംഘത്തിലെ ചിലർ അറസ്റ്റിലായെന്നും ബിയാൻകാർഡി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.