ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും വരുന്നെന്ന് സൂചന. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവര്‍ക്ക് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പോടെ അനൂപ് ഫേസ് ബുക്കിൽ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ വീട്ടിലെത്തിയാണ് സത്യൻ അന്തിക്കാടും മകനും സംവിധായകനുമായ അനൂപ് സത്യനും ശ്രീനിവാസനെ സന്ദർശിച്ചത്. എന്നാൽ, ഈ സന്ദർശനം പുതിയൊരു ചിത്രത്തിന്റെ തുടക്കമാകട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. ശ്രീനിവാസനൊപ്പമുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളും അനൂപ് തന്റെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.
‘ശ്രീനി അങ്കിൾ: ഞാൻ ഇപ്പോൾ ടാഗോറിന്റെ ചെറുകഥകൾ വായിക്കുകയാണ്.
ഞാൻ: കൊള്ളാം. അങ്കിൾ എന്തെങ്കിലും പ്രചോദനം തേടുകയാണോ?
ശ്രീനി അങ്കിൾ: അങ്ങനെയല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. ‘സത്യജിത് റേ’ എങ്ങനെയാണ് ഈ കഥകളിൽ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന.’- അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.
ശാരീരികാസ്വസ്ഥതകൾ ഉള്ളതിനാൽ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തതിന് ശേഷം സിനിമകളിൽ സജീവമാവുകയാണ് ശ്രീനിവാസൻ. വൈകാതെ തന്നെ തിരക്കഥ, സംവിധാന മേഖലയില്‍ ശ്രീനിവാസന് സജീവമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും. ശ്രീനിവാസന്റേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം കുറുക്കനാണ്.