വിവാഹ ജീവിതം പരാജയപ്പെട്ടതിനെ തുടർന്ന് ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമാക്കി സാമന്ത. നാഗചൈതന്യയുമായി ബന്ധം വേർപെടുത്തിയതിന് ശേഷം ജീവിതത്തിൽ തനിക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായെന്ന് നടി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
സിനിമയിൽ നിന്നും താൻ ഇടവേള എടുക്കാനുണ്ടായ തീരുമാനത്തിന്റെ കാരണവും സാമന്ത പറയുന്നുണ്ട്. ജീവിതം തന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. അതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ച് കാര്യങ്ങളൊക്കെ ഒരുപാട് പഠിക്കുന്നതിന് സഹായിച്ചെന്നും സാമന്ത അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
‘വിവാഹജീവിതം പരാജയപ്പെട്ടത് എന്റെ ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലം കൊണ്ട് ഒരുപാട് കാര്യങ്ങൾ അനുഭവിച്ചു. ആ സമയങ്ങളിൽ ഇതേ അവസ്ഥയിലൂടെ കടന്നുപോയ, അതിജീവിച്ചവരെ പറ്റി കൂടുതലറിയാനാണ് ശ്രമിച്ചത്. എന്നെ നിലനിർത്തിയത് അവരുടെ അനുഭവ കഥകളാണ്. അവർക്ക് പറ്റുമെങ്കിൽ എനിക്കും ജീവിക്കാൻ കഴിയുമെന്നാണ് തോന്നിയത്.
എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നടിയായി മാറുക എന്നത് എന്റെ ഭാഗ്യമാണ്. അതിനാൽ ഉത്തരവാദിത്വവും കാണിക്കണം. സത്യസന്ധരായിരിക്കണം, എത്ര ബ്ലോക്ക്ബസ്റ്റർ സിനിമ ഉണ്ടെന്നോ എത്ര അവാർഡുകൾ കിട്ടിയെന്നോ അല്ല നോക്കേണ്ടത്. എന്റെ വീഴ്ചകളും വേദനയും പരസ്യമായെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. യഥാർഥത്തിൽ ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തിയന്നും പറയാവുന്നതാണ്. എന്റെ വേദനകളെല്ലാം ഉള്ളില്‍വെച്ച് ഞാൻ യുദ്ധം ചെയ്യുകയാണ്. അതെനിക്ക് വ്യക്തമായി അറിയുകയും ചെയ്യും. സമാനമായ അവസ്ഥയിലൂടെ പോവുന്ന ആളുകൾക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേ എന്നാണ് എനിക്ക് പറയാൻ കഴിയുന്നത്.
ഞാൻ മാനസികമായി തകർന്ന അവസരങ്ങളുണ്ടായിരുന്നു. ആ സമയത്ത് ഞാൻ വീടിന് പുറത്ത് ഇറങ്ങാതെ വരെ ഇരുന്നിട്ടുണ്ട്. എന്നെങ്കിലും സുഖം പ്രാപിക്കുമ്പോൾ ഒരു ഇടവേള എടുക്കും, യാത്ര ചെയ്യും.. കുറച്ച് കാലമെങ്കിലും നന്നായിട്ട് ജീവിക്കും എന്നൊരു ഉറച്ച പ്രതിജ്ഞ എടുത്തിട്ടുണ്ടായിരുന്നു.
കാരണം, 13 വർഷം ഇടവേള എടുക്കാതെയാണ് ഞാൻ ജീവിച്ചത്. ആരാണ് വിജയിച്ചതെന്ന് ആർക്കും അറിയാത്ത ഓട്ടം ഓടുകയാണ്. ഒരു ബ്ലോക്ക് ബസ്റ്റർ ലഭിച്ചാൽ, അതിലും വലിയ ബ്ലോക്ക് ബസ്റ്ററിലേക്കുള്ള ഓട്ടമാണ്. ഇത് അവസാനിക്കാത്തൊരു ഓട്ടമാണ്. അതിനാൽ, ഈ ഒരു ഇടവേള നല്ലതാണ്. എന്റെ ജീവിതത്തിലെ ഈ മാറ്റത്തിൽ എനിക്കിപ്പോൾ സന്തോഷവുമുണ്ട്.
ജീവിതം ആസ്വദിക്കുന്ന ഈ ഒരു നിമിഷത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന ആളുകളോടൊപ്പം സമയം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. മികച്ച അനുഭവങ്ങൾ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു.’- സാമന്ത പറഞ്ഞു.