കൊച്ചി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതകുംഭം പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ സ്വീകരിച്ച് പ്രതിഷ്ഠിച്ചു.
വാദ്യമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ക്ഷേത്രം മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി കുംഭം ഏറ്റുവാങ്ങി ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചു. ജനുവരി ഒന്നു മുതൽ 15 വരെയുള്ള ദിവസങ്ങളിലായി അക്ഷതകുംഭത്തിന്റെ ഭാഗങ്ങളും ശ്രീരാമജന്മഭൂമി ക്ഷേത്രവിവരങ്ങൾ അടങ്ങിയ ലഘു പുസ്തകവും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ഹിന്ദു ഭവനങ്ങളിലും എത്തിക്കുമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പറഞ്ഞു.
പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി ജനുവരി 15 മുതൽ പാവക്കുളം ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമ്പൂർണ രാമായണസത്രം നടത്തും. 22 ന് പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും കേന്ദ്രീകരിച്ച് ഉച്ചയ്‌ക്ക് 12 മുതൽ രണ്ടുവരെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ 45 മേഖലകളിൽ നിന്നായി നൂറിലധികം വിച്ച്പി പ്രവർത്തകരാണ് അയോദ്ധ്യയിലെത്തി പവിത്രമായ അക്ഷതം സ്വീകരിച്ചത്. ഓരോ പ്രവർത്തകനും ലോഹകുടങ്ങളിൽ അഞ്ച് കിലോ അരിയാണ് നൽകിയത്. പ്രവർത്തകർ ദേശങ്ങളിലെത്തിച്ച് എല്ലാ വീടുകളിലും എത്തിക്കും. ദേവസന്നിധിയിൽ ആയിരം കിലോ അരിയുടെ അക്ഷത് പൂജയാണ് നടന്നത്.















