കാബൂൾ: മാലിർ ജയിലിൽ നിന്ന് 80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാകിസ്താൻ. കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് തടവിൽ കഴിയുന്നവരേയും വിട്ടയക്കാനുള്ള തീരുമാനം. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.
മാലിർ ജയിലിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവരെ ലാഹോറിൽ എത്തിച്ചത്. അതിന് ശേഷം വാഗ അതിർത്തിയിലെത്തിച്ച ശേഷം ഇന്ത്യൻ അധികൃതർക്ക് കൈമാറുകയായിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അങ്ങേയറ്റം ദരിദ്ര ചുറ്റുപാടിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗമെന്നും ഈദി വെൽഫെയർ ട്രസ്റ്റിലെ ഫൈസൽ ഈദി പറയുന്നു. ഈ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾക്ക് ലാഹോറിലേക്ക് പോകാനുള്ള ക്രമീകരണങ്ങൾ ചെയ്തത്. കുടുംബത്തോടൊപ്പം ചേരാനുള്ള സന്തോഷത്തിലാണ് എല്ലാവരും ഉള്ളതെന്നും, ഇവർക്കായി ട്രസ്റ്റിന്റെ നേതൃത്വത്തിൽ പണവും സമ്മാനങ്ങളും നൽകിയതായും ഫൈസൽ ഈദി പറഞ്ഞു.