ഇടുക്കി: സർക്കാർ പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ചതിന് വൃദ്ധയ്‌ക്ക് നേരെ അധിക്ഷേപവുമായി കമ്യൂണിസ്റ്റുക്കാർ. പെൻഷൻ കിട്ടാത്തതിനാൽ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയതിന് തന്നെ ആളുകൾ അധിക്ഷേപിക്കുന്നു എന്ന പരാതിയുമായി പൊന്നെടുക്കാൻപാറ മറിയക്കുട്ടിയാണ് രംഗത്തുവന്നത്. ഗതിക്കെട്ടതിനാലാണ് താൻ പിച്ചച്ചട്ടിയുമായി തെരുവിലേക്ക് ഇറങ്ങിയത്. അധിക്ഷേപിക്കുന്നവരോട് വീടിന്റെ സ്ഥിതി വന്ന് നോക്കാനും മറിയക്കുട്ടി പറഞ്ഞു.
മൂന്ന് വർഷമായി ഈറ്റത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ഇവർക്ക് മുടങ്ങി കിടക്കുകയായിരുന്നു. ഇതേ തുടർന്ന് വീട്ടിലെ അവസ്ഥയും മോശമാകാൻ തുടങ്ങി. മറിയക്കുട്ടിയ്‌ക്ക് നാല് പെൺമക്കളുണ്ടെങ്കിലും എല്ലാവരും മോശം അവസ്ഥയിലാണ് ജീവിക്കുന്നത്. ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇവർക്കില്ലെന്നാണ് മറിയക്കുട്ടി പറയുന്നത്. മഴപെയ്താൽ ചോർന്നൊലിക്കുന്ന ഒരു വീട്ടിൽ ഒറ്റയ്‌ക്കാണ് കഴിയുന്നതെന്നും നാട്ടുകാരാണ് പലപ്പോഴായി സഹായങ്ങൾ ചെയ്തിരുന്നതെന്നും മറിയക്കുട്ടി പറഞ്ഞു.