ന്യൂഡൽഹി: ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ പഠനമനുസരിച്ച് സൂര്യപ്രകാശമേറ്റ് പണിയെടുക്കുന്ന മൂന്നിൽ ഒരാൾക്ക് ത്വക്ക് ക്യാൻസറിന് സാധ്യതയെന്ന് കണ്ടെത്തി. ഡബ്ല്യു.എച്ച്.ഒയുടെയും അന്താരാഷ്‌ട്ര തൊഴിൽ സംഘടനയുടെയും ഗവേഷക സംഘത്തിന്റെയും പഠനത്തിലാണ് കണ്ടെത്തൽ.
ത്വക്ക് രോഗം വന്ന് മരിക്കുന്നവരിൽ ഏറെയും സൂര്യപ്രകാശമേൽക്കുന്ന ജോലികൾ ചെയുന്നവരാണ്. 2019-ൽ 183 രാജ്യങ്ങളിലായി 19,000 പേരാണ് ത്വക്ക് രോഗം കാരണം മരണപ്പെട്ടത്. ഇവരെല്ലാം സൂര്യപ്രകാശമേറ്റ് ജോലിചെയ്യുന്നവരായിരുന്നു. ഇതിൽ 65 ശതമാനവും പുരുഷൻമാരാണെന്നാണ് കണക്കുകൾ. 22 രാജ്യങ്ങളിൽ നിന്നുള്ള 2.9 ലക്ഷം ആളുകളിലാണ് പഠനം നടത്തിയത്.
വർഷം കൂടും തോറും മരണ നിരക്ക് ഉയരുന്ന സ്ഥിതിയാണുള്ളത്. 2000-ത്തിൽ 10,088 മരണങ്ങൾ ഉണ്ടായിരുന്നത് 2019 ആയപ്പോഴേയ്‌ക്കും ഇരട്ടിയായി. ലോകത്ത് തൊഴിലെടുക്കുന്ന മൊത്തം ആളുകളുടെ 28 ശതമാനവും പുറംതൊഴിൽ ഏർപ്പെടുന്നവരാണ്.
സൂര്യപ്രകാശമേറ്റ് ജോലിചെയുന്നവരെ സംരക്ഷിക്കുന്നതിനായി പദ്ധതികളോ നടപടിയോ വേണമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. വർഷങ്ങൾ എടുത്താണ് ത്വക്ക് ക്യാൻസർ ഉണ്ടാവുക. അതുകൊണ്ട് തന്നെ പെട്ടെന്ന് ഒരുദിവസം സൂര്യപ്രകാശത്തിൽ നിന്നും മാറി നിന്നാൽ അതിൽ നിന്നും മുക്തി ലഭിക്കില്ല. പകരം തുടക്കം തൊട്ടേ ശ്രദ്ധ വേണമെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.