കടലിനിടിയിൽ അഗ്നിപർവ്വതം പൊട്ടിതെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കൻ ജപ്പാനിലെ അഗ്നിപർവ്വത ദ്വീപസമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലിൽ നിന്ന് പുതിയ ദ്വീപ് ഉയർന്നുവന്നത്. ഒക്ടോബർ 30-ന് ടോക്കിയോയിൽ നിന്ന് 750 മൈൽ (1,200 കിലോമീറ്റർ) തെക്ക് മാറിയാണ് ഈ ദ്വീപ് ജനിച്ചതെന്നാണ് ടോക്കിയോ സർവകലാശാല അഭിപ്രായപ്പെടുന്നത്. ഭൂമിയുടെയും ഭൗമശാസ്ത്രത്തിന്റെയും ചലനാത്മകത വ്യക്തമാക്കുന്ന അത്യപൂർവ്വ സംഭവമാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം 100 മീറ്ററോളം വ്യാസമുള്ളതാണ് പുതിയ ദ്വീപ്.
ഭൂമിയുടെ ഉപരിതലത്തിനടിയിൽ സ്ഥിതി ചെയ്യുന്ന വളരെ ചൂടുള്ള ദ്രാവകവും ദ്രാവകരൂപത്തിലുള്ള പാറയുമായ മാഗ്മ സമുദ്രജലവുമായി ഇടപഴകുമ്പോൾ നീരാവിയുടെയും ചാരത്തിന്റെയും സ്ഫോടനം സംഭവിക്കുന്നു. ഇത് പിന്നീട് ഭൂപ്രദേശമായി മാറുന്നു. ഒക്ടോബര് 21-ന് ആരംഭിച്ചതാണ് സ്ഫോടനങ്ങൾ ആരംഭിച്ചത്. പത്ത് ദിവസങ്ങൾ നീണ്ട സ്ഫോടനത്തിനൊടുവിൽ അഗ്നിപർവ്വതത്തിൽ നിന്ന് പുറത്തള്ളപ്പെടുന്ന വസ്തുക്കൾ ആഴം കുറഞ്ഞ കടൽത്തീരത്ത് അടിഞ്ഞ് കൂടുകയും സമുദ്രോപരിതലത്തിന് മുകളിൽ ഉയരുകയും ചെയ്തു. ഇത് പിന്നീട് ദ്വീപ് പ്രദേശമായി മാറുകയായിരുന്നു. പുതിയ ദ്വീപ് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ നാസ പുറത്തുവിടിട്ടുണ്ട്. നാസയുടെയും യുഎസ് ജിയോളജിക്കൽ സർവേയുടെയും സംയുക്ത ഉപഗ്രഹമായ ലാൻഡ്സാറ്റ്-9 ആണ് പുതുതായി രൂപപ്പെട്ട ദ്വീപിന്റെ ചിത്രം പങ്കുവെച്ചത്.
ഇതിന് മുൻപും കടലിനിടയിൽ അഗ്നിപർവതം പൊട്ടിതെറിച്ച് ദ്വീപ് രൂപപ്പെട്ടിട്ടുണ്ട്. ഒഗസവാര ദ്വീപ് ശൃംഖലയിലെ മിക്ക ദ്വീപുകളും ഇത്തരത്തിൽ രൂപപ്പെട്ടതാണ്. 30-ലധിരം ദ്വീപുകളും ഉപദ്വീപുകളും ഉൾക്കൊള്ളുന്നതാണ് ഒഗസവാര ദ്വീപ് ശൃംഖല. ഈ ദ്വീപുകളിലെ ചില അഗ്നിപർവ്വതങ്ങൾ ഇപ്പോഴും സജീവമാണ്. 2013-ലാണ് ഈ ദ്വീപ് സമൂഹത്തിൽ ആദ്യത്തെ ദ്വീപ് രൂപപ്പെടുന്നത്. പത്ത് വർഷങ്ങൾക്കിപ്പുറം സമാന രീതിയിൽ ദ്വീപ് രൂപപ്പെട്ടത് പ്രദേശത്തെ മാഗ്മാറ്റിക് പ്രവർത്തനത്തിന്റെ തെളിവാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
അഗ്നിപർവ്വത സ്ഫോടനങ്ങൾ തുറന്നാൽ ദ്വീപിന്റെ വലുപ്പവും രൂപവും മാറാം. തിരമാലകൾക്കിടിയിൽ അകപ്പെടാനും പിന്നീട് പൊന്തി വരാനുമുള്ള സാധ്യതയുമുണ്ട്. 1904, 1914, 1986 വർഷങ്ങളിൽ ഇത്തരത്തിൽ രൂപം കൊണ്ട ദ്വീപുകൾ മണ്ണൊലിപ്പിൽ അപ്രത്യക്ഷമായിരുന്നു. പുതിയ ദ്വീപിന്റെ ആവിർഭാവവും പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും പ്രദർശിപ്പിക്കുന്ന ശ്രദ്ധേയമായ പ്രതിഭാസമാണ്. പ്രദേശത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരമായ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാകും പുതിയ ദ്വീപിന്റെ കണ്ടെത്തൽ. ഭൂമി നിരന്തരം മാറിക്കൊണ്ടിരിക്കുകയും പുതിയ ഭൂപ്രകൃതികൾ സൃഷ്ടിക്കുകയും ചെയ്യുന്നു, അവയിൽ ചിലത് താൽക്കാലികവും ചിലത് ശാശ്വതവുമാകാം എന്ന ഓർമ്മപ്പെടുത്തലാണ് പുതിയ ദ്വീപ്.