കണ്ണൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 22 വരെയാണ് കസ്റ്റഡി നീട്ടിയത്. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് കൽപ്പറ്റ ജില്ലാ കോടതി ഒമ്പത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം ഇന്നാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്.
പേര്യ ചപ്പാരത്തുണ്ടായ ഏറ്റുമുട്ടലിലാണ് ചന്ദ്രുവും ഉണ്ണിമായയും പിടിയിലായത്. വിവിധ അന്വേഷണ ഏജൻസികൾ തുടർച്ചയായി ചോദ്യം ചെയ്തിട്ടും ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ലെന്നാണ് വിവരം. ഒരുമിച്ച് ഇരുത്തി ചോദിക്കുമ്പോഴും ഒറ്റയ്‌ക്ക് ചോദിക്കുമ്പോഴും ഇരുവർക്കും മൗനം മാത്രമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചന്ദ്രുവും ഉണ്ണിമായയും നിരവധി കമ്യൂണിസ്റ്റ് ഭീകരുടെ കൂടെ പ്രവർത്തിച്ചവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം, ഇന്ന് കണ്ണൂരിലെ അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിൽ കമ്യൂണിസ്റ്റ് ഭീകരരും തണ്ടർബോൾട്ടും തമ്മിൽ വെടിവയ്പ്പുണ്ടായി. പ്രദേശത്ത് പത്ത് മിനിറ്റോളം തുടർച്ചയായി വെടിവയ്പ്പ് നടന്നു. തണ്ടർബോൾട്ടിന്റെ പരിശോധനയ്‌ക്കിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.