പുകയുന്ന ചൂട്ടു വെളിച്ചത്തിൽ കുലദൈവത്തിന്റെ മുഖത്തെഴുത്ത് കണ്ട് ഭക്തിയോടെ കൈ കൂപ്പുന്നവരാണ് മലയാളികൾ. കാവുകളിലും കോട്ടങ്ങളിലും കെട്ടിയാടുന്ന ദൈവക്കോലങ്ങളെ ഭക്തിയോടെ മാത്രമല്ല, അത്ഭുതത്തോടു കൂടിയുമാണ് നാം നോക്കി കാണുന്നത്. തെയ്യങ്ങൾ മാത്രമല്ല, കേരളത്തിലെ പല കലാരൂപങ്ങളും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കലാരൂപങ്ങളുണ്ട്. മുഖത്ത് ചായങ്ങൾ തേച്ചും മുഖംമൂടികൾ ധരിച്ചും കാണികളെ അത്ഭുതപ്പെടുത്തുന്ന കലാരൂപങ്ങൾ. അത്തരത്തിൽ കണ്ടുനിക്കുന്നവരെ ഒറ്റ നിമിഷം കൊണ്ട് തന്നെ ഞെട്ടിക്കുന്ന ഒരു കലാപ്രകടനമാണ് ചൈനയിലെ ബിയാൻ ലിയാൻ.
ഒരു പുരാതന ചൈനീസ് നാടക കലയാണ് ബിയാൻ ലിയാൻ. കടും നിറമുള്ള വസ്ത്രങ്ങളാണ് ഈ കലാരൂപം കെട്ടിയാടുന്ന കലാകാരന്മാർ ധരിക്കുന്നത്. ഭയപ്പെടുത്തുന്ന സംഗീതത്തിന്റെ അകമ്പടിയിൽ അവർ നൃത്തം ചെയ്യുന്നു. നിറമുള്ള മുഖംമൂടികൾ ധരിച്ചാണ് അവരുടെ പ്രകടനം. ആസ്വാദനത്തോടൊപ്പം ഈ കലാരൂപം അത്ഭുതപ്പെടുത്തുന്നു. സിചുവാൻ ഓപ്പറയുടെ ഭാഗമാണ് ബിയാൻ ലിയാൻ എന്ന ചൈനീസ് കലാരൂപം. കണ്ണടയ്ക്കുന്ന വേഗത്തിൽ മുഖങ്ങൾ മാറ്റിയാണ് ബിയാൻ ലിയാൻ കലാകാരന്മാർ നമ്മളെ അത്ഭുതപ്പെടുത്തുന്നത്.
20 സെക്കന്റിനുള്ളിൽ പത്ത് മുഖങ്ങൾ വരെ കാണികൾ നോക്കി നിൽക്കെ ബിയാൻ ലിയാൻ കലാകാരന്മാർ മാറ്റും. ഇതെങ്ങനെയാണ് എന്നതാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. കാണികളുടെ മുന്നിൽ പോയി നിന്നോ, കാണികളെ കൊണ്ട് തങ്ങളുടെ മുഖത്ത് പിടിപ്പിച്ചു കൊണ്ടോ നിമിഷങ്ങൾക്കുള്ളിൽ ഇവർ തങ്ങളുടെ മുഖം മാറ്റുന്നു. രണ്ട് സെക്കന്റ് കൊണ്ട് ഒരു മുഖം എങ്ങനെ മാറ്റുന്നു എന്നത് ഈ കലാകാരന്മാർക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. 300 വർഷത്തോളം പഴക്കമുള്ള ഈ കലാരൂപം അവതരിപ്പിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾ തലമുറകളിലൂടെയാണ് ഈ രഹസ്യം കൈമാറി വരുന്നത്.
ചരിത്രപരമായി, ബിയാൻ ലിയാൻ ചൈനയ്ക്ക് പുറത്ത് വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. കാരണം ചൈനക്കാരല്ലാത്തവർക്ക് ഈ കലാരൂപം പഠിക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ 2000-കളുടെ പകുതി മുതൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും ചൈനീസ് തീം ഇവന്റുകളിലും ഇത് ഇടയ്ക്കിടെ അവതരിപ്പിക്കപ്പെടുന്നു. ബിയാൻ ലിയാന്റെ രഹസ്യം ചോർന്നുവെന്ന് പറയുന്നുണ്ടെങ്കിലും ചൈനക്കാരല്ലാത്ത കലാകാരന്മാർക്ക് ഇത് നന്നായി പരിശീലിക്കാനോ അവതരിപ്പിക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.