ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയ്മിലേക്ക് വീരേന്ദർ സെവാഗ്. വീരുവിനൊപ്പം ഇന്ത്യൻ വനിതാ ടീം മുൻ ക്യാപ്റ്റൻ ഡയാന എഡുൽജിയും ഹാൾ ഓഫ് ഫെയ്മിലേക്ക് കടന്നുവന്നു. മുൻ ശ്രീലങ്കൻ താരം അരവിന്ദ ഡി സിൽവയാണ് ഇരുവർക്കും പുറമെ പട്ടികയിൽ ഇടം പിടിച്ച മൂന്നാമൻ. ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടമാണ് ഇതോടെ ഡയാന എഡുൽജിയുടെ സ്വന്തമാക്കിയത്.
ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഇടം പിടിക്കുന്ന എട്ടാമത്തെ ഇന്ത്യൻ പുരുഷ താരമാണ് സെവാഗ്. സുനിൽ ഗാവസ്കർ, ബിഷൻ സിംഗ് ബേദി, കപിൽ ദേവ്, അനിൽ കുംബ്ലെ, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിനു മങ്കാദ് എന്നിവരാണ് മുമ്പ് പട്ടികയിൽ ഇടംപിടിച്ചിട്ടുളളത്. സവിശേഷമായ ബാറ്റിംഗ് ശൈലിയിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും നടത്തിയ പ്രകടനമാണ് സെവാഗിന് ഐസിസി അംഗീകാരം ലഭിക്കാൻ കാരണമായത്. 104 ടെസ്റ്റിൽ നിന്ന് 8,586 റൺസും 251 ഏകദിനങ്ങളിൽ നിന്ന് 8,273 റൺസും 19 ട്വന്റി 20യിൽ നിന്ന് 394 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ഐസിസിയുടെ അംഗീകാരത്തിൽ സന്തോഷമുണ്ടെന്നും ജീവിതത്തിന്റെ മനോഹരമായ കാലഘട്ടത്തിൽ ഞാൻ ചിലവഴിച്ചത് ക്രിക്കറ്റിനൊപ്പമായിരുന്നെന്നും അംഗീകാരത്തിന് ശേഷം താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
100 ലധികം അന്താരാഷ്ട്ര വിക്കറ്റുകളാണ് ഇന്ത്യക്കായി ഡയാന എഡുൽജി നേടിയിട്ടുളളത്. 20 ടെസ്റ്റുകളിൽ നിന്ന് 404 റൺസും 63 വിക്കറ്റും എഡുൽജി സ്വന്തമാക്കി. 34 ഏകദിനങ്ങളിൽ നിന്ന് 211 റൺസും 46 വിക്കറ്റുമാണ് എഡുൽജിയുടെ സമ്പാദ്യം. മുൻ ശ്രീലങ്കൻ താരം അരവിന്ദ ഡി സിൽവയാണ് ഇരുവർക്കും പുറമെ പട്ടികയിൽ ഇടം പിടിച്ച മൂന്നാമൻ. ലോകകപ്പിലെ ഇന്ത്യ- ന്യൂസിലാൻഡ് സെമി ഫൈനൽ വേദിയിൽ ഈ മൂന്ന് താരങ്ങളെയും ഐസിസി ആദരിക്കും.